16 രൂപയായിരുന്നു തേയിലകൊളുന്തിന്റെ വില 8 രൂപയായി; കർഷകർ ദുരിതത്തിൽ

ഇടുക്കിയില്‍ തേയിലകൊളുന്തിന്റെ വിലയിടിഞ്ഞു. ഫാക്ടറികൾ ചെറുകിട കർഷകരുടെ കൊളുന്തെടുപ്പ് നിർത്തിയതോടെ കർഷകർ ദുരിതത്തിൽ.   ഉല്‍പാദനം കൂടിയതാണ് വില കുത്തനെ ഇടിയാൻ കാരണം. കഴിഞ്ഞ ആഴ്ച വരെ ഒരുകിലോ കൊളുന്തിന് 16 രൂപയായിരുന്നു വില.  ഇപ്പോള്‍ വില  8 രൂപയായി  കുറഞ്ഞു. കർഷകന് ലഭിക്കുന്നത് 6 രൂപ മാത്രമാണ്. 

ഇത്  വിളവെടുക്കുന്ന   തൊഴിലാളികൾക്ക് കൊടുക്കാൻ പോലും തികയില്ല.  തോട്ടങ്ങളിൽ കൊളുന്ത് ഉൽപാദനം ഇരട്ടിയിലധികമായി . ഇതോടെ വലിയ കമ്പനികള്‍ക്ക്  കൊളുന്ത് വാങ്ങേണ്ട ആവശ്യമില്ല. രണ്ടായിരത്തിലധികം ചെറുകിട തേയില കർഷകരാണ് ജില്ലയിലുള്ളത് .ഇവരുടെ ഉപജീവന മാർഗ്ഗവും തേയിലക്കൊളുന്ത്  വിൽപ്പനയാണ്. 

തേയില കിലോയ്ക്ക് 20 രൂപ കൂടിയിട്ടും കൊളുന്തിന് ന്യായവില നൽകാൻ ഫാക്ടറി ഉടമകൾ തയ്യാറാവുന്നില്ല. സർക്കാരും ജില്ലാ ഭരണകൂടവും ടീ ബോർഡും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.