പി.കെ. ശശിക്കെതിരായ പരാതി; ഗൂഢാലോചനയെന്ന് ഭൂരിഭാഗത്തിന്‍റെ മൊഴി

ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ പീഡന പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷന്റെ പാലക്കാട്ടെ മൊഴിയെടുപ്പ് പൂർത്തിയായി. പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നാണ് ഭൂരിഭാഗം പേരും മൊഴി നൽകിയത്. പ്രശ്നം ഒത്തുതീർക്കാൻ ഉന്നത ഇടപെടലും സജീവമാണ്.

ആരോപണവിധേയനായ പി.കെ.ശശിയും, പരാതിക്കാരിയും കമ്മിഷന് നൽകിയ മൊഴിയിൽ പേര് പരാമർശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും കമ്മിഷന് മുന്നിൽ ഹാജരായി. അന്വേഷണ കമ്മീഷൻ അംഗങ്ങളായ പി.കെ.ശ്രീമതിയും എകെ ബാലനും രണ്ടു ദിവസങ്ങളിലായി എട്ടു പേരിൽ നിന്ന് വസ്തുത ചോദിച്ചറിഞ്ഞു. പീഡന പരാതി ഗൂഢാലോചനയാണെന്ന് പി.കെ ശശി പറഞ്ഞത് ശരിവച്ചു കൊണ്ടാണ് ചിലർ തെളിവുകൾ ഹാജരാക്കിയത്.

മണ്ണാർക്കാട്ടെ ഡിവൈഎഫ്ഐ നേതാക്കളായ രണ്ടു പേർ മാത്രമാണ് യുവതിക്ക് പിന്തുണ നൽകിയത്. അതേസമയം ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പ്രേംകുമാർ , പ്രസിഡന്റ് പി.എം.ശശി എന്നിവർ നൽകിയ മൊഴി നിർണായകമാണ്. ഒപ്പം പ്രവർത്തിക്കുന്ന യുവതിയെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പിൻതുണച്ചോയെന്നാണ് അണികളിൽ ചർച്ച.   

ഇനി മൂന്നു പേരുടെ മൊഴി കൂടി കമ്മിഷൻ രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. വൈകാതെ റിപ്പോർട്ട് പാർട്ടിക്ക് കൈമാറും. എന്നാൽ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിച്ചെന്നാണ് ചില നേതാക്കൾ അവകാശപ്പെടുന്നത്. ഉന്നതർ ഇടപെട്ട് ചർച്ച സജീവമാണ്. പി.കെ.ശശിക്കെതിരെ പേരിനൊരു നടപടിയെടുത്ത് അവസാനിപ്പിക്കുമെന്നാണ് സൂചന.