‘കലക്ടർ ബ്രോ’യ്ക്ക് അപൂർവരോഗം; ചികിൽസ കൊച്ചിയിൽ; ആശങ്ക വേണ്ടെന്ന് കുറിപ്പ്

കേരളത്തിന്റെ പ്രിയ ‘കലക്ടർ ബ്രോ’ പ്രശാന്ത് നായർക്ക് അപൂർവരോഗമെന്ന് സ്ഥിരീകരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ കിടക്കുന്ന തന്റെ ചിത്രം സഹിതമാണു കുറിപ്പ്. മകൾ അമ്മുവാണു ചിത്രമെടുത്തതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ്. നേരത്തേ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിങും കഴിഞ്ഞു. മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ട്. ഒരുപാട് പരിശോധനകൾ ആവശ്യമുണ്ട്. ജീവിതം എല്ലാദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിച്ചു.

കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ പദ്ധതികളിലൂടെ ജനകീയനായപ്പോഴാണു പ്രശാന്ത് നായർക്കു കലക്ടർ ബ്രോ എന്ന പേരുകിട്ടിയത്. കുറച്ചുനാൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രശാന്ത് മുന്നിലുണ്ടായിരുന്നു.