മാലിദ്വീപിൽ തിരഞ്ഞെടുപ്പ്; ആവേശം തിരുവനന്തപുരത്തും

മാലിദ്വീപിലെ തിരഞ്ഞെടുപ്പ് ആവേശം തിരുവനന്തപുരത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള രാജ്യത്തെ ഏക പോളിങ് ബൂത്താണ് തിരുവനന്തപുരത്തുള്ളത്. അറുന്നൂറ്റിയമ്പത് പേരാണ് ഇവിടെയെത്തി വോട്ടവകാശം രേഖപ്പെടുത്തുന്നത്.

മാലിദ്വീപ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. ബൂത്തിന് മുന്നില്‍ പൊലീസിന്റെ കാവല്‍. തിരഞ്ഞെടുപ്പില്ലാത്ത ഈ സമയത്ത് മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശത്തിലാണ് തിരുവനന്തപുരം. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഒട്ടേറെ മാലിക്കാരുണ്ട്. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള ഏക കേന്ദ്രമാണ് തിരുവനന്തപുരത്തൊരുക്കിയത്.

ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ട് ചെയ്തവരുടെ വിരലില്‍ നമ്മുടെ നാട്ടിലേത് പോലെ മഷിപുരട്ടും. രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പെന്നതിനാല്‍ ആ പിരിമുറുക്കം ഇവിടത്തെ വോട്ടര്‍മാരിലുമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ രണ്ടായിരത്തിലേറെ വോട്ടര്‍മാരുണ്ടെങ്കില്‍ ഇത്തവണ 650 പേരെയുള്ളു. മാലിക്കാര്‍ കൂട്ടത്തോടെ കേരളം വിട്ടുപോകുന്നതാണ് വോട്ടര്‍മാര്‍ കുറയാന്‍ കാരണം.