സെമിത്തേരിയിൽ ഇടം കിട്ടില്ലെന്നറിഞ്ഞും പോരാടിയവൾ; സിസ്റ്റർ അനുപമയ്ക്ക് കയ്യടി

കേരളത്തിന്റെ ചരിത്രം അടുത്തക്കാലത്ത് കണ്ട ഏറ്റവും ഐതിഹാസികമായ സമരമായിരുന്നു ഇന്നലെ എട്ടുമണിയോടെ വിജയം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ച നിമിഷം നിറകണ്ണുകളോടെ അതിെന വരവേൽക്കുകയായിരുന്നു സിസ്റ്റർ അനുപമയും സംഘവും. 

എത് പ്രതിസന്ധിയിലും സത്യവും വിശ്വാസവും കൈവിടരുതെന്ന് ഉറപ്പിച്ച പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു സിസ്റ്റർക്ക് ബിഷപ്പിന്റെ അറസ്റ്റ്. ഇരയായ കന്യാസ്ത്രീക്കൊപ്പം അവർക്കായി നീതി തേടി നടത്തിയ സമരത്തിന് പിന്നീട് െഎക്യം പ്രഖ്യാപിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. സമരവഴിയിലേക്ക് സിസ്റ്റർ അനുപമ എത്തിയതിെന കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്. നീതിയില്ലെങ്കിൽ നീ തീയാവണം എന്ന വാക്യം കേരളത്തിന് കാണിച്ച് കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ ലോകത്ത് എല്ലാം. 

‘പീഡന വിവരമറിഞ്ഞ അന്ന് മുതൽ ഇരയെ ശക്തിപ്പെടുത്തി ഇരയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികൾക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോൾ പോലീസിൽ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോൾ തെരുവിലേക്കിറങ്ങി. സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ..’

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിസ്റ്റർ അനുപമ 

ഞാൻ കണ്ടതിൽ ഏറ്റവും ധീരയായ വനിത.

കുറ്റകൃത്യം നടന്ന് കഴിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷം 2016 ലാണ് സിസ്റ്റർ കുറവിലങ്ങാട് മഠത്തിലേക്ക് വരുന്നത്. പീഡന വിവരമറിഞ്ഞ അന്ന് മുതൽ ഇരയെ ശക്തിപ്പെടുത്തി ഇരയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്നു.

ആദ്യം സഭാ അധികാരികൾക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോൾ പോലീസിൽ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോൾ തെരുവിലേക്കിറങ്ങി,

സഭ പുറത്താക്കി തിരിച്ചു ചെന്നാൽ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാൽ സെമിത്തേരിയിൽ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവൾക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവർ 

പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അതിക്ഷേപങ്ങൾക്കും കൂട്ടത്തിലൊന്നിനെ പോലും വിലക്കെടുക്കാനായി വിട്ടു കൊടുക്കാതെ ഒപ്പം ചേർത്തു നിർത്തിയവർ 

സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസ്സാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ മലയാളിക്ക് എടുത്ത് തന്നത്.ക്രിസ്തുമതത്തിന്റെ അഭിമാനമാണിവർ നീതിയില്ലെങ്കിൽ നീ തീയാവണം എന്ന ആപ്തവാക്യത്തെ ശിരസ്സാ വഹിച്ചവർ 

ഇന്ന് പത്രക്കാർക്ക് മുന്നിൽ ഇവരുടെ സ്വരമൊന്നിടറിയപ്പോൾ കണ്ണ് നിറഞ്ഞു പോയി