മാപ്പുപറയില്ലെന്ന് എഐഎസ്എഫ്; ‘പഞ്ച് മോദി ചലഞ്ച്’ വിവാദത്തില്‍

‘ലോകാരാധ്യൻ’ എന്ന വാക്കിനും പഞ്ച് മോദി ചല‍ഞ്ചിനും പിന്നാലെ ഒാടുകയാണ് സോഷ്യൽ ലോകം. ഇൗ പുത്തൻ സമരരീതിയെ അനുകൂലിച്ചും വിമർശിച്ചും പല തരത്തിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്. എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറിയായ അസ്​ലഫ് പാറേക്കാടൻ തുടങ്ങി വച്ച പഞ്ച് മോദി ചലഞ്ചിനെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും വൻപ്രതിഷേധമാണ് നടത്തുന്നത്. എന്നാൽ‌ ഇക്കാര്യത്തിൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്നും പഞ്ച് മോജി ചലഞ്ചുമായി മുന്നോട്ട് പോകുമെന്നും  എഐഎസ്എഫ് വ്യക്തമാക്കുന്നു. 

പഞ്ച് മോദി ചലഞ്ചെന്നാൽ പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്.  ഇതിൽ പങ്കെടുത്തതിൽ ഒട്ടേറെ പേർ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിന് പേരാണ് ഇൗ ചലഞ്ചിന്റെ ഭാഗമായത്. അക്കൂട്ടത്തിൽ വേറിട്ട ഒരു പ്രതിഷേധമാർഗമാണ് പഞ്ച് മോദി ചലഞ്ചെന്ന് അസ്​ലഫ് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ബലൂണിൽ മോദിയുടെ മുഖത്ത്  പഞ്ച് ചെയ്യുന്നതാണ് ഇൗ പ്രതിഷേധം. ഇത് വ്യക്തിപരമായ വിമർശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകൾക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണ് ഇൗ വേറിട്ട പ്രതിഷേധമെന്ന്  എഐഎസ്എഫ് വ്യക്തമാക്കുന്നു. മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും ഇത്തരം പ്രതിഷേധം നടന്നിട്ടുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു.