മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി; അമ്മയുടെ നിരാഹാരസമരം പിൻവലിച്ചു

മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കോഴിക്കോട് പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ തയ്യില്‍ സ്വദേശിനി വല്‍സ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. കാട്ടുപോത്തിനെ വേട്ടയാടിയെന്ന പരാതിയില്‍ ജയ്മോനെതിരെ വനംവകുപ്പെടുത്ത നടപടിയില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെത്തുടര്‍ന്നാണ് നടപടി. സമരത്തിന് പിന്തുണയുമായെത്തിയവരില്‍ ചിലര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.  

  പത്ത് ദിവസം മുന്‍പാണ് പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ ജയ്മോന്‍ തയ്യിലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കള്ളക്കേസെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ജനപ്രതിനിധികളും ജയ്മോനെ വിട്ടുകിട്ടാന്‍ പെരുവണ്ണാമൂഴി റേഞ്ച് ഓഫിസില്‍ കുത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ജയ്മോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകനെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാതാവ് വല്‍സ പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ നിരാഹാരസമരം തുടങ്ങി. വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരും കര്‍ഷകസംഘടനകളും സമരത്തിന് പിന്തുണയുമായെത്തി. അഞ്ചാംദിവസം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വല്‍സയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെയാണ് കലക്ടര്‍ പ്രശ്നപരിഹാരത്തിനായി സമരസമിതിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 

കലക്ടര്‍ രേഖാമൂലം നല്‍കിയ ഉറപ്പില്‍ തൃപ്തിയുണ്ടെന്നും പ്രതിഷേധം തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്നും സമരസമിതി അറിയിച്ചു. ജയ്മോനെ പിടികൂടിയതില്‍ പ്രതിഷേധിച്ച ഇരുപതിലധികമാളുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. കേസ് പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.