ആ 700 കോടി യൂസഫലി നൽകുമോ? പ്രചാരണം വ്യാജം, നടപടിക്ക് ലുലു

ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി കേരളത്തിന് 700 കോടി ധനസഹായം നൽകുമെന്ന പ്രചാരണം വ്യാജം. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലുലു ഗ്രൂപ്പ്‌ വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അറിയിച്ചു. 

യുഎഇ ഭരണകൂടം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ അത് ലുലു ഗ്രൂപ്പ് നൽകുമെന്ന രീതിയിലായിരുന്നു പ്രചാരണങ്ങൾ. 

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സഹായിക്കാനുള്ള താൽപര്യം അറിയിച്ച യുഎഇ ഭരണാധികാരിയോടു പ്രധാനമന്ത്രി നന്ദി പറഞ്ഞുവെന്നും സഹായം നിരസിച്ചെന്നുമാണു സൂചന. ഇതു സംബന്ധിച്ച് സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെ ഒദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.