പ്രീത ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന കൊച്ചി ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീത ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്തി നടപടികൾക്ക് സൗകര്യമൊരുക്കുന്ന ഡെബ്റ്റ് റിക്കവറി ട്രൈബ്യുണലിന് മുന്നിൽ സമരത്തിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍ അക്രമം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടി എന്നായിരുന്നു പൊലീസ് ഭാഷ്യം. 

20 വര്‍ഷത്തോളം മുന്‍പ് സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്ത ബന്ധുവിന് ജാമ്യം നിന്നതിന്റെ പേരിലാണ് പ്രീത ഷാജി എന്ന വീട്ടമ്മക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്. ഉടമയെ വേണ്ടവിധം അറിയിക്കാതെ ബാങ്ക് ഇവരുടെ വീടും പുരയിടവും ലേലംചെയ്തു. ലേലത്തില്‍ പിടിച്ചയാള്‍ നിയമനടപടി തുടങ്ങിയതോടെയാണ് കുടുംബത്തെ ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ വിധി നടപ്പാക്കാന്‍ കഴിഞ്ഞയാഴ്ച പൊലീസ് സംരക്ഷണത്തില്‍ ശ്രമിച്ചപ്പോഴുണ്ടായ സംഘര്‍ഷമാണിത്.

ഈ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കിയ സമരസമിതിക്കാരെ കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ധരാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റുചയ്തു. തുടര്‍ന്നാണ് ജപ്തിക്ക് സൗകര്യമൊരുക്കുന്ന പനമ്പിള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യുണലിന് മുന്നില്‍ പ്രീത ഷാജി തന്നെ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ആദ്യംതന്നെ അറസ്റ്റ് ചെയ്തു നീക്കുകയാണ് പൊലീസ് ചെയ്തത്. 

അക്രമം ഒഴിവാക്കാന്‍ കരുതല്‍ അറസ്റ്റ് നടത്തിയതാണ് എന്നാണ് പൊലീസ് നിലപാട്. എന്നാല്‍ പൊലീസിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ നേതാവ് ആനി രാജ രംഗത്തെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതിയുമായി ചര്‍ച്ച നടത്തണമെന്നും വിഎം സുധീരന്‍ അടക്കം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.