വഖഫ് ട്രൈബ്യൂണല്‍ നിയമനം; ഇ.കെ സുന്നികള്‍ സര്‍ക്കാരുമായി ഇടയുന്നു

വഖഫ് ട്രൈബ്യൂണല്‍ നിയമനം  സംബന്ധിച്ച് ഇ.കെ സുന്നികള്‍ സര്‍ക്കാരുമായി ഇടയുന്നു. മന്ത്രി കെ.ടി ജലീല്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച്  വഖഫ് അദാലത്ത് പുര്‍ണമായിട്ടും ബഹിഷ്കരിക്കാന്‍  സമസ്ത തീരുമാനിച്ചു. പള്ളിതര്‍ക്കം പരിഹരിക്കാനുള്ള  സമിതിയില്‍  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്ലിയാരുടെ അനുയായികളെ മാത്രം നിയമിച്ചതാണ്  ബഹിഷ്കരണത്തിന് കാരണം.

മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതിപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികള്‍ മാത്രമുള്ള ട്രൈബ്യൂണലില്‍ നിന്നും നീതി കിട്ടില്ലെന്നാണ് പിന്‍മാറ്റത്തിന് സമസ്ത പറയുന്ന ന്യായം.

മന്ത്രി കെ.ടി. ജലീലാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സമസ്തയുടെ വിലയിരുത്തല്‍. അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ  ബഹിഷ്കരണം തുടരാനാണ് തീരുമാനം. അതേ സമയം ലയന ചര്‍ച്ചകളുടെ ഭാഗമായി പള്ളി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍  സര്‍ക്കാരിനെ ഒഴിവാക്കി ഇരു സുന്നി ഗ്രൂപ്പുകളും തമ്മില്‍  നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.