ഡിജിപി: മൃദുഭാവെ ദൃഢ കൃത്യേ; മഹിജയുടെയും ഇലീസിന്‍റെയും കണ്ണീര്‍

പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം ന്യൂസ് റൂമിലേക്കെത്തിയ ഏറ്റവും ദയനീയ മുഖം മഹിജയുടേതായിരുന്നു. മഹിജയെ ഓർക്കുന്നില്ലേ? ജിഷ്ണു പ്രണോയിയുടെ അമ്മ. ആത്മഹത്യ ചെയ്ത മകനെയോർത്ത് നെഞ്ചു പൊട്ടിക്കരഞ്ഞ മഹിജയുടെ കണ്ണീർ കേരളം ഏറ്റെടുത്തു. മകന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്ന മഹിജയുടെ ആവശ്യത്തോട് ഇടതു സർക്കാർ മുഖം തിരിച്ചു. 

81 ദിവസം കാത്തിരുന്ന ശേഷം നീതി തേടി കോഴിക്കോട്ട് നിന്ന് മഹിജ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റയെ നേരിൽ കാണാനായിരുന്നു ആ അമ്മയുടെ ആദ്യശ്രമം. ഡിജിപി ഓഫീസിൽ മഹിജയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ഡിജിപിക്ക് മഹിജയെ കാണാൻ സമയമില്ല(ധൈര്യമില്ല?)..!

മാത്രമല്ല കുടുംബക്കാരെയും കൂട്ടി ആ പാവം സ്ത്രീ കേരളത്തിന്റെ പൊലീസ് മേധാവിയെ ആക്രമിക്കാൻ വരികയാണെന്ന് ഡിജിപി അദ്യമേ തീരുമാനിച്ചു. സാംസ്കാരിക കേരളത്തിന്(ഒഡിഷയല്ല ) അങ്ങേയറ്റം അപമാനകരമായ രംഗങ്ങളാണ് പിന്നെ കണ്ടത്. ഡിജിപിയുടെ പൊലീസുകാർ മകൻ നഷ്ടപ്പെട്ട ആ അമ്മയെ തെരുവിലൂടെ വലിച്ചിഴച്ചു. മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്ത ആ രംഗങ്ങളിൽ കേട്ട  മഹിജയുടെ വിലാപ ശബ്ദം ഇന്നും കേരളത്തിന്‍റെ കാതുകളിൽ മുഴങ്ങുന്നു. ‘മകൻ നഷ്ടപ്പെട്ട അമ്മയാണ് ഞാൻ, നിങ്ങൾക്കൊരു ദയ കാട്ടിക്കൂടേ..?’ പക്ഷേ ഒരു ദയയും കാട്ടിയില്ല ലോക് നാഥ് ബഹ്റയുടെ പൊലീസ്. വകുപ്പുമേധാവിയുടെ ഉത്തരവ് അതേപടി നടപ്പാക്കിയ കീഴുദ്യോഗസ്ഥർ മഹിജയെ വലിച്ചിഴച്ച് പുറത്താക്കി. ഇതെല്ലാം ടെലിവിഷനിൽ കണ്ട ബഹ്റ, കേരള പൊലീസ് മേധാവിയുടെ കസേരയിൽ ഉറച്ചിരുന്നു. 

മാസങ്ങള്‍ മാത്രമിപ്പുറം, ഇന്നിപ്പോള്‍ ഇലീസിന്റെ കണ്ണീരാണ് ക്യാമറകൾ ഒപ്പിയെടുത്തത്. കാണാതായ സഹോദരി ലിഗയെ തേടി 38 ദിവസമായി ലാത്വിയൻ  സ്വദേശി ഇലീസ് കേരളത്തിൽ അങ്ങോളമിങ്ങോളം അലയുന്നു. കേരള പൊലീസിന്റെ ‘ക്രിയാത്മകമായ ഇടപെടൽ’ മൂലം ലിഗയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി. മഹിജയെപ്പോലെ ഇലീസിനുമുണ്ട് കേരള പൊലീസ് മേധാവിയെ കുറിച്ച് ‘മധുരിക്കും ഓർമകൾ’. 

അന്യരാജ്യത്ത് സഹോദരിയെ കാണാതായി പരാതിപ്പെട്ട് പത്താം ദിവസവും പൊലീസ് ഒന്നും ചെയ്യാതിരുന്നപ്പോഴാണ് ഇലീസ് പൊലീസ് മേധാവിയെ കാണാൻ പോയത്. ഒപ്പം ലിഗയുടെ ഭർത്താവ് ആൻഡ്രുവും. 3 മണിക്കൂർ ഡിജിപി ഓഫീസിന് മുന്നിൽ കാത്തിരുന്ന ശേഷമാണത്രെ വിദേശികൾക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ദർശനം കിട്ടിയത്. ഡിജിപിയോട് സംസാരിച്ചപ്പോഴുണ്ടായ അനുഭവം ഇലീസും ആൻഡ്രുവും സുഹൃത്ത് അശ്വതിയും മാധ്യമങ്ങളോട് വിവരിച്ചു. ആദ്യ വാചകം മുതൽ അപമാനകരമായ മറുപടികൾ, അധിക്ഷേപങ്ങൾ, ഭീഷണികള്‍...(അതിഥി ദേവോ ഭവ: ) ഒടുവിൽ ക്ഷമ നശിച്ച ആൻഡ്രു ഇറങ്ങിപ്പോയി. ഇലീസ് പൊട്ടിക്കരഞ്ഞു. ഏറെ ബഹളങ്ങൾക്കൊടുവിൽ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

ലോക് നാഥ് ബഹ്റ ഇപ്പോഴും കേരളത്തെ മനസിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണ്.  ഇത് താങ്കളുടെ ഒഡീഷയല്ല, മിസ്റ്റർ ബഹ്റ, അതിഥി ദേവോ ഭവ എന്നത് അക്ഷരാർഥത്തിൽ പ്രായോഗികമാക്കുന്നവരാണ് സർ, മലയാളികൾ. ഇലീസിന്റെയും ആൻഡ്രുവിന്റെയും വാക്കുകളിലൂടെ കേരളത്തെക്കുറിച്ച്, ഇവിടുത്തെ പൊലീസിങ്ങിനെ കുറിച്ച്, പുറംലോകത്തേക്ക് പോയ സന്ദേശമുണ്ടല്ലോ, അതുണ്ടാക്കിയ നഷ്ടം നികത്താൻ പിണറായി സർക്കാർ എത്ര കോടി ചിലവിട്ട് പരസ്യം ചെയ്താലും സാധിക്കില്ല. കസ്റ്റഡി മരണമടക്കം താങ്കളുടെ സേന കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എണ്ണിപ്പറയാന്‍ ഒരുപാടുണ്ട്. അതിമെല്ലാം അപ്പുറമാണ് മഹിജയ്ക്കും ഇലീസിനും സമ്മാനിച്ച കണ്ണീർ. അത് താങ്കളുടെ സർവീസിൽ ‘മുതല്‍ക്കൂട്ടാ’ണ്.

ചില സംശയങ്ങൾ ബാക്കി. തേ ലോക് നാഥ് ബഹ്റയെക്കുറിച്ചല്ലേ, ടി.പി.സെൻകുമാറിനെ മാറ്റി ഡിജിപിയാക്കാൻ തക്കവിധം ‘കൂടുതൽ യോഗ്യൻ’ എന്ന് പിണറായി വിജയൻ കണ്ടെത്തിയത് ? ജേക്കബ് തോമസിന്റെ സീനിയോറിറ്റി മറികടന്നും നിയമിക്കണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയലിൽ കുറിച്ചത് ? വിജിലൻസിന്റെ അധിക ചുമതല വഹിക്കാൻ യോഗ്യനെന്ന് സർക്കാർ കണ്ടെത്തിയത് ? ബഹ്റയാണ് സർവഥാ യോഗ്യനെങ്കിൽ, ഈ യോഗ്യതയുടെ അർഥം എന്താണ്..?

ഇലീസിന്‍റെ വാര്‍ത്താസമ്മേളനം: വിഡിയോ കാണാം