നാട്ടുകാരെ ആവേശം കൊളളിക്കാന്‍ സ്വന്തം ഭാവി തകർക്കരുത്; ഹര്‍ത്താൽ ആഹ്വാനത്തിൽ പശ്ചാത്തപിച്ച് യുവാവ്

നാട്ടിലാകെ കലാപമുണ്ടാക്കുംവിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയയാള്‍ക്ക് തെറ്റു പറ്റിയെന്ന് പശ്ചാത്താപം. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ പ്രധാനപ്രതി അഖില്‍ വഴിതെറ്റിക്കുന്ന സമൂഹമാധ്യമ കൂട്ടായ്മകളെ തളളിപ്പറയുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിടുന്നു.

യുവാക്കളൊന്നും തന്നിഷ്ടപ്രകാരം വഴിതെറ്റി പ്രവര്‍ത്തിക്കരുതെന്നാണ് പ്രധാനപ്രതി അഖില്‍ വിളിച്ചു പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനത്തിലടക്കം തനിക്ക് തെറ്റുപറ്റി. നാട്ടുകാരെ ആവേശം കൊളളിക്കാന്‍ വേണ്ടി സ്വന്തം ഭാവി തകര്‍ക്കരുതെന്ന ഉപദേശമാണ് സ്വന്തം അനുഭവത്തില്‍ നിന്ന് അഖില്‍ വിളിച്ചു പറഞ്ഞത്.

ഹര്‍ത്താലിന് ഒരാഴ്ച മുന്‍പേ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയം വൈകാരികമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പ്രധാനബുദ്ധികേന്ദ്രം അഖിലായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലും ബിരുദധാരിയായ അഖില്‍ വൈകാരികമായായിരുന്നു മൊഴി നല്‍കിയത്.  ഒട്ടും മുന്നോട്ടു ചിന്തിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ എടുത്തുചാട്ടം നടത്തുന്നവര്‍ക്ക് അഖിലും അറസ്റ്റിലായ നൂറു കണക്കിന് പേരും ജീവിതപാഠമാണ്.