അവധിക്കാല ക്ലാസുകള്‍: സിബിഎസ്ഇയ്ക്ക് ഹൈക്കോടതിയുടെ അനുമതി

അവധിക്കാല ക്ലാസുകള്‍ നടത്താന്‍ സിബിഎസ്ഇയ്ക്ക് ഹൈക്കോടതിയുടെ സോപാധിക അനുമതി. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ 20 ദിവസം വരെ ക്ലാസുകള്‍ നടത്താം .ഇതിനായി പ്രിന്‍സിപ്പാളിന്റെ അംഗീകാരത്തോടെ മാനേജ്മെന്റുകള്‍ അപേക്ഷ നല്‍കണം . ബാലാവകാശ കമ്മിഷന്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ചിരുന്നു.

ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനാണ് ഹൈക്കോടതി സോപാധിക അനുമതി നല്‍കിയിട്ടുള്ളത് . ഹര്‍ത്താല്‍ ബന്ദ് മറ്റ് സര്‍ക്കാര്‍ അവധികള്‍ തുടങ്ങിയവ മൂലമുണ്ടായ ക്ലാസ് നഷ്ടം നികത്താനാണ് അനുമതി . ഇതിനായി പരമാവധി 20 ദിവസം വരെ ക്ലാസുകള്‍ നടത്താം . അതുപക്ഷേ സിബിഎസ്്ഇ റീജിയണല്‍ ഡയറക്ടറുടെ അനുമതിയോടെയാകണം.  ക്ലാസുകള്‍ നടത്താനുദ്ദേശിക്കുന്ന തീയതികള്‍ കാണിച്ചായിരിക്കണം അപേക്ഷ.

അവധിക്കാല ക്ലാസ് നടത്താൻ സ്കൂളിൽ മതിയായ സൗകര്യങ്ങളുണ്ടെന്നു സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും നൽകുന്ന സാക്ഷ്യപത്രവും അവധിക്കാല ക്ലാസിന് അനുകൂലമായി പിടിഎ എടുക്കുന്ന തീരുമാനവും അപേക്ഷയ്ക്കൊപ്പം നല്‍കണം .അവധിക്കാല ക്ലാസ് പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ ഫെബ്രുവരി 24ലെ ഉത്തരവും അതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച നിരോധന ഉത്തരവും ഈയാവശ്യത്തിനായി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. 

ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍  ബാലാവകാശ കമ്മിഷന് അവകാശമില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു . മുതിർന്ന ക്ലാസുകളിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ അവധിക്കാല ക്ലാസ് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി  എതാനും സിബിഎസ്ഇ സ്കൂള്‍ മാേനജുമെന്റുകളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.