നിളയിലെ ഓളത്തിനായി ‘തമ്പ് ’ ടീം ഒത്തുകൂടി

തമ്പ് സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമ ചിത്രീകരിച്ച നിളാതീരത്ത് വീണ്ടും ഒത്തുകൂടി. ഭാരതപ്പുഴയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്

സമൃദ്ധമായി ഒഴുകിയിരുന്ന നിളയാണ് തമ്പ് സിനിമയിലെ അഭിനേതാക്കളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്  . എന്നാൽ ഇന്ന് പുഴ നീർചാലായി ഒഴുകുകയാണ്. പുഴയെ വീണ്ടെടുക്കാനാണ് തമ്പ് സിനിമയുടെ ഭാഗമായവരെല്ലാം ഒത്തുചേർന്നത്

നിളാതീരത്തെ മണൽതിട്ടയിൽ 1978ലാണ് സിനിമ ചിത്രീകരിച്ചത്.നെടുമുടി വേണുവിന്റേയും ജലജയുടേയും ആദ്യ ചിത്രം. സംവിധായകൻ അരവിന്ദന്റെ ഭാര്യ ലീല, നെടുമുടി വേണു, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവർ ചേർന്ന് വിളക്ക് കൊളുത്തിയതോടെയാണ് തമ്പ് 40 എന്ന് പേരിട്ട പരിപാടിക്ക് തുടക്കമായത്. ഒത്തുകൂടിയവരെല്ലാം ചേർന്ന് പുഴ സംരക്ഷണത്തിനായി നിളയിൽ ദീപമൊഴുക്കി.തുടർന്ന് കാവാലം ശ്രീകുമാർ, നെടുമുടി വേണു, ഞരളത്ത് ഹരിഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സദസും അരങ്ങേറി.തമ്പ് സിനിമയുടെ പ്രദർശനവും നടന്നു