മദ്യപിച്ചെന്ന് കരുതി നാട്ടുകാർ അവഗണിച്ചു, മലപ്പുറത്തു കൊടുംവെയിലേറ്റ് വയോധികനു ദാരുണാന്ത്യം

മലപ്പുറം കുറ്റിപ്പുറത്ത് മദ്യപിച്ചയാളെന്ന് കരുതി നാട്ടുകാർ അവഗണിച്ചയാൾ മണിക്കൂറുകളോളം വഴിയോരത്ത് കിടന്ന് കൊടുംചൂടേറ്റ് മരണത്തിന് കീഴടങ്ങി. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടിൽ ചെല്ലപ്പനാണ് കുറ്റിപ്പുറത്തിനടുത്ത് തൃക്കണാപുരത്ത് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തര മുതൽ ചെല്ലപ്പൻ തൃക്കണാപുരം–കുമ്പിടി റോഡരികിൽ വെയിലേറ്റ് അവശനിലയിൽ കിടപ്പുണ്ടായിരുന്നു. ഇടക്ക് മദ്യപാനശീലമുണ്ടെന്ന പേരിൽ ഇയാളെ വഴിയാത്രക്കാരും നാട്ടുകാരും അവഗണിക്കുകയായിരുന്നു. ഗ്രാമപഞ്ചയത്ത് അംഗം പി. അനീഷും നാട്ടുകാരൻ നൗഷാദും ചേർന്ന് ഏഴു മണിക്കൂറിന് ശേഷം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കൊടുംവെയിലേറ്റ് മണിക്കൂറുകൾ കിടന്നതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. കുറ്റിപ്പുറത്തെ കോഴിമുട്ട വ്യാപാര സ്ഥാപനത്തിൽ മുൻപ് ജോലിയെടുത്തിരുന്ന ചെല്ലപ്പന് തൃക്കാണപുരത്ത് തനിച്ചാണ് താമസിച്ചിരുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ക്വാട്ടേഴ്സിന്റേതെന്ന് കരുതുന്ന താക്കോലും കുറച്ചു പണവും കണ്ടെടുത്തു. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.