ഹോര്‍ടികള്‍ച്ചര്‍ മിഷന്‍ അഴിമതിയില്‍ നടപടിയെടുക്കാതെ കൃഷിവകുപ്പ്

ഹോര്‍ടികള്‍ച്ചര്‍ മിഷന്‍ അഴിമതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി ഒരുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കൃഷിവകുപ്പ്. മൂന്നാഴ്ചക്കുള്ളില്‍ നടപടിയെടുക്കുമെന്ന വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. കര്‍ഷകര്‍ക്ക്  ടിഷ്യൂകള്‍ച്ചര്‍ വാഴയും മാവിന്‍തൈയും വിതരണം ചെയ്ത വകയില്‍ പത്തുകോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു കൃഷിവകുപ്പിലെ ‌‌‌‌സ്പെഷല്‍ വിജിലന്‍സ് സെല്ലിന്റ  കണ്ടെത്തല്‍.  

അന്വേഷണറിപ്പോര്‍ട്ട് മനോരമന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു മൂന്നാഴ്ചക്കുള്ളില്‍ നടപടിയെടുക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മാസം ഒന്നായിട്ടും നടപടിയില്ല. ഹോര്‍ടികള്‍ച്ചര്‍ മിഷന്റ അന്നത്തെ ഡയറക്ടര്‍ കെ.പ്രതാപന്‍, പ്രൊജക്ട് ഒാഫീസര്‍ ബാലചന്ദ്രന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രധാന ശുപാര്‍ശ. ഇതില്‍ പ്രതാപന്‍ ബാലരാമപുരത്തെ തെങ്ങ് ഗവേഷണ കേന്ദ്രത്തിലെ പ്രഫസറും ബാലചന്ദ്രന്‍ കഴക്കൂട്ടം ബി.എം.എഫ്.സിയിലെ അസിസ്റ്റന്റ് ഡയറക്ടറുമാണ്. പ്രതാപനെതിരെ നടപടിയെടുക്കുന്നതില്‍ കാര്‍ഷിക സര്‍വകലാശാലയോടും ബാലചന്ദ്രന്റ കാര്യത്തില്‍ കൃഷിവകുപ്പ് ഡയറക്ടറോടും വിശദീകരണം ചോദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ലെന്നാണ് മന്ത്രിയുടെ ഒാഫീസിന്റ വിശദീകരണം. എന്നാല്‍ പ്രതാപൻറെ കാര്യത്തില്‍  വിശദീകരണം പോലും  തേടിയിട്ടില്ലെന്നാണ് സൂചന.

ഇവരെക്കൂടാതെ ഹോര്‍ടി കള്‍ച്ചര്‍ മിഷന്‍ ടെക്നിക്കല്‍ കമ്മിറ്റിയിലെ രണ്ടുപേര്‍ക്കെതിരെയും ഹോര്‍ടി കോര്‍പ് ഫിനാന്‍സ് മാനേജര്‍, അക്കൗണ്ട്സ് ഒാഫീസര്‍ എന്നിവര്‍ക്കെതിരെയുമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ താല്‍ക്കാലിക ജീവനക്കാരികൂടിയായ അക്കൗണ്ട്സ് ഒാഫീസര്‍ മാലിനിയ്ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. കേസ് കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന്റ വിജിലന്‍സിന് കൈമാറിയെങ്കിലും ഇതുവരെയും വിജിലന്‍സും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.