കാടു കയറിയാലും പുലിയെ പേടിക്കണം

നരഭോജികളായ പുലികളെ കൂട്ടിലാക്കിയ ശേഷം ഉള്‍വനത്തില്‍ കൊണ്ടുവിടുന്നത് ആപത്താണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരിക്കല്‍ മനുഷ്യനെ കൊന്ന പുലികള്‍ വീണ്ടും കാടിറങ്ങുമെന്നാണ് വിദഗ്ധാഭിപ്രായം.  

ഈയിടെ വാല്‍പ്പാറയില്‍ പിടികൂടിയ പുലിയെ തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍വനത്തില്‍ തുറന്നുവിടുന്ന ദൃശ്യമാണിത്. നാലു വയസുകാരനെ കൊന്ന പുലിയെ വീണ്ടും ഉള്‍വനത്തില്‍ വിട്ടാല്‍ മടങ്ങിവരുമെന്ന് ഉറപ്പാണ്. ഇത്തരം, പുലികളെ മൃഗശാലകളിലേക്ക് മാറ്റുന്നതാണ് ഉചിതം. മഹാരാഷ്ട്രയിലെ വനത്തില്‍ പുലികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്. അഥവാ, പുലികളെ ഉള്‍വനത്തില്‍ തുറന്നുവിടുന്നുണ്ടെങ്കില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച് നീക്കങ്ങള്‍ നിരീക്ഷിക്കണം. 

കാടും വീടും വേര്‍ത്തിരിച്ചറിയുന്ന വിധത്തില്‍ പരിസരം വൃത്തിയാക്കിയിടണമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. കാടിറങ്ങുന്ന പുലികള്‍ ചെറിയ കുറ്റിക്കാട്ടിലും ഒളിച്ചിരിക്കും. പുലികള്‍ക്ക് കൊടുംവനം വേണമെന്നില്ല. മാനുകളേയും നായകളേയും പിന്‍തുടര്‍ന്ന് വരുന്ന പുലികള്‍ നാട്ടില്‍ ആപത്തുണ്ടാക്കും. പുലികളുടെ എണ്ണം കണ്ടെത്താന്‍ വനംവകുപ്പ് കാമറ സ്ഥാപിക്കണമെന്നും വനമേഖലയിലെ വിദഗ്ധര്‍ പറയുന്നു. തൃശൂരിന്റെ തോട്ടംമേഖലയില്‍ ഇടയ്ക്കിടെ കാണുന്ന പുലികള്‍ എത്ര എണ്ണമുണ്ടെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല.