ബാര്‍ കോഴ; തെളിവില്ല, രാഷ്ട്രീയ കേരളത്തെ നടുക്കിയ കോഴക്കേസ് അവസാനിപ്പിക്കുന്നു

Pala : K M Mani Kerala Congress M leader 01/ 2019

കെ.എം.മാണിയ്ക്കെതിരായ ബാര്‍ കോഴ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കോഴ വാങ്ങിയതിനും കൊടുത്തതിനും തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ബാറുടമകളുടെ സിഡിയില്‍ കൃത്രിമം നടന്നതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട്. അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നാൽപ്പത്തിയഞ്ച് ദിവസംകൂടി അനുവദിച്ചു. 

കേസ് വൈകുന്നതിൽ കോടതിയിൽ നിന്നു നിരന്തരം വിമർശനമേറ്റതിനെ തുടർന്നാണ് ബാർ കോഴക്കേസുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ കോടതിയെ അറിയിച്ചത്. ഹൈക്കോടതി കേസ് ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു തൽസ്ഥിതി വിവരം റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചത്. പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടിയില്ല, മൊഴി നൽകുന്നതിൽ നിന്നുപോലും ബാറുടമകൾ വിട്ടു നിന്നു, തുടർന്നാണ് ബാറുടമ ബിജുരമേശ് കൈമാറിയ സി.ഡി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ഫോൺ സംഭാഷണം എഡിറ്റു ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖ ആധികാരികമല്ലെന്നുമായിരുന്നു പരിശോധനാഫലം. നിർണായകമാകുമെന്നു കരുതിയിരുന്ന പരിശോധന റിപ്പോർട്ടിൽകൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തെളിവുകളെ കുറിച്ചു പ്രതികരിക്കാനില്ലെന്ന് വിജിലൻസ് ഡയറക്ടർ ലോക്നഥ് ബഹ്റ പറഞ്‍‍ു 

ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കേരള രാഷ്ട്രീയത്തിലെ വലിയ ആരോപണമായി ഉയർന്നുവരുകയും കെ.എം.മാണിയുടെ രാഷ്ട്രീയഭാവി തുലാസിലാക്കുകയും ചെയ്ത കേസാണ് നനഞ്ഞ പടക്കമായി മാറിയത്.