ദേവികുളം സബ്കലക്ടർ വട്ടനെന്ന് മന്ത്രി എംഎം മണി

കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയ സബ്കലക്ടർക്കും റവന്യൂ വകുപ്പിനും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ രൂക്ഷ വിമർശനം. സബ്കലക്ടറെ അധിക്ഷേപിച്ച മന്ത്രി പട്ടയം റദ്ദാക്കിയ നടപടി വിഡ്ഢിത്തരവും മര്യാദകേടാണെന്നും തുറന്നടിച്ചു. സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തുവന്ന സിപിഐയോട് ഒരുമിച്ച് നിൽക്കുന്നതാണ് നല്ലതെന്നും മന്ത്രിയുടെ ഉപദേശം. 

പത്തു ചെയിൻ പട്ടയ പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതിന് ഇരട്ടയാറിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു മന്ത്രി എം.എം.മണിയുടെ പ്രതികരണം. ജോയ്സ് ജോർജ് എംപിയുടെയും കുടുംബാംഗങ്ങളുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിനെ മന്ത്രി വ്യക്തിപരമായി ആക്രമിച്ചു. പട്ടയം റദ്ദാക്കാൻ കണ്ടെത്തിയ കാരണങ്ങളെ വിഡ്ഢിത്തമെന്നാണ് വിശേഷിപ്പിച്ചത്. 

ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടിയോട് ആദ്യമായാണു മന്ത്രി എം.എം. മണി പ്രതികരിക്കുന്നത്. ദേവികുളം മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഉൗളമ്പാറയിലേക്ക് അയയ്ക്കണമെന്ന എം.എം.മണിയുടെ പരാമർശം വിവാദമായിരുന്നു. മൂന്നാറിൽ കയ്യേറ്റകാർക്കെതിരെ നടപടി സ്വീകരിച്ചതാണ് അന്ന് മന്ത്രിയെ പ്രകോപിപ്പിച്ചത്.