ദൃശ്യം സ്റ്റൈലിൽ അച്ഛനെ കൊന്ന് കുഴിച്ചിട്ടു; തിരക്കഥ തകർത്ത് പൊലീസ്

വയനാട് മാനന്തവാടിയിൽ തമിഴ്നാട് സ്വദേശിയെ ക്രൂരമായി കൊന്ന് നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചുമൂടിയത് മകൻ. അച്ഛന്റെ മദ്യപാനവും മറ്റ് ക്രൂരതകളുമാണ് കൊലയ്ക്ക് കാരണമെന്ന് മകൻ. കൃത്യം നടത്താൻ സഹായത്തിന് സുഹൃത്തിനെയും കൂട്ടി. അടുത്തകാലത്ത് ഇറങ്ങിയ സിനിമ പ്രചോദനമായെന്നും മൊഴി. 

കൊലപാതം മാത്രമല്ല. ചെയ്ത രീതിയും കാരണങ്ങളും നാടിനെ നടുക്കി.മദ്യപാനിയും മറ്റ് സ്വഭാവദുഷ്യങ്ങളുമുള്ളയാളായിരുന്നു കൊല്ലപ്പെട്ട ആശൈ കൃഷ്ൺ.പലപ്പോഴും വീട്ടിലെത്തി ഭാര്യയെയും മകനെയും ക്രൂരമായി മർദിക്കും.ഒടുവിൽ അച്ഛനെ കൊല്ലാൻ തന്നെ ഇരുപത്തിരണ്ട് വയസ്സുള്ള മകൻ അരുൺ പാണ്ഡ്യൻ പദ്ധതിയിട്ടു.കഴിഞ്ഞ ഒക്ടോബർ 29 നാണ് കൃത്യം നടത്താൻ തീരുമാനിച്ചത്.മർദിക്കുക മാത്രമേ ചെയ്യൂ എന്നാണ് സുഹൃത്തായ അരുൺ മുരുകനോട് പറഞ്ഞത്.മദ്യപിക്കാനാണെന്ന് പറഞ്ഞ് അശൈകണ്ണനെ രാത്രി രണ്ടുപേരും സമീപത്തെ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി.

ആശൈകൃഷ്ണൻ മദ്യപിക്കുന്നതിനിടയിൽ മകൻ അരുൺ പാണ്ഡ്യൻ സ്റ്റീൽ കമ്പി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി. അപ്പോഴേക്കും ബോധം മറഞ്ഞിരുന്നു.പിന്നെ സുഹൃത്തായ അരുൺ മുരുകന്റെ മുണ്ടെടുത്ത് കഴുത്തിൽ മുറുക്കി മരണം ഉറപ്പു വരുത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് നിർമ്മാണം നടക്കുന്ന വീട്ടിൽ കൊലാതകം നടത്തിയത്. 

അവിടെത്തന്നെ കുഴിച്ചിട്ടാൽ സത്യം പുറത്തുവരില്ലെന്നായിരുന്നു വിശ്വാസം.സമീപകാലത്ത് ഇറങ്ങിയ ഒരു സിനിമയാണ് പ്രചോദനമായത്. മൃതദേഹം ചാക്കിൽക്കെട്ടി ആഴത്തിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.മദ്യക്കുപ്പിയും കമ്പിയും മുറുക്കാനുപയോഗിച്ച മുണ്ടും കുഴിയിലിട്ടു. പിന്നെ തിരിച്ചു പോന്നു. പലപ്പോഴും വീടുവിട്ടിറങ്ങി ദിവസങ്ങൾ കഴി‍ഞ്ഞ് തിരിച്ചെത്തുന്ന ആളാണ് ആശൈകണ്ണൻ.അത് കൊണ്ട് ഭാര്യക്കും സംശയമുണ്ടായില്ല. 

പക്ഷെ വീടിന്റെ നിർമ്മാണം അണ്ടർ ഗ്രൗണ്ടിലേക്ക് വ്യാപിച്ചത് കുടുക്കി.മണ്ണിളകുന്നത് ജോലിക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുഴിച്ചു നോക്കിയപ്പോൾ മൃതദേഹം കണ്ടു.ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ആശൈ കണ്ണന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നെ ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ഭാര്യയെയും മകനെയും കസ്റ്റഡിയിലെടുത്തു.മകന്റെ പരസ്പര വിരുദ്ധമായ മൊഴി സംശയത്തിനിടയാക്കി. പിന്നെ കുറ്റംസമ്മതിച്ചു.ആശൈ കണ്ണന്റെ ഭാര്യയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 

കേസ് അന്വേഷണത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. കൊലനടന്ന വിവരം പുറത്തറിഞ്ഞ ഉടൻ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായത് പഴുതടച്ചുള്ള അന്വേഷണത്തിന് സഹായകരമായി. കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.