പൊലിഞ്ഞത് നാടിന്റെ പ്രതീക്ഷ; റായ്പുർ ആശുപത്രിയിലെ ഒഴിപ്പിക്കലിലെന്ന് ആരോപണം

കിക്ക് ബോക്സിങ് രാജ്യാന്തര താരം കോട്ടയം കടപ്പൂര് വട്ടുകുളം കൊച്ചുപുരയിൽ കെ.കെ. ഹരികൃഷ്ണൻ ആരോഗ്യനില വഷളായി മരിക്കാനിടയായതു റായ്പുരിലെ ബി.ആർ.അംബേദ്കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മാറ്റിയതിനെത്തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പുത്രഭാര്യയുടെ പ്രസവത്തിനായി റായ്പുർ ആശുപത്രി വിഐപി ബ്ലോക്കിൽ നിന്നു മാറ്റിയ 1200 രോഗികളിലൊരാൾ ഹരികൃഷ്ണനായിരുന്നു. റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബറിൽ നടന്ന ദേശീയ കിക്ക് ബോക്സിങ് ചാപ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി. തുടർന്നു വിദഗ്ധ ചികിത്സ തുടരുന്നതിനായി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. രോഗാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണു തീവ്രപരിചരണ വിഭാഗത്തിൽ നിന്നു ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള രോഗികളെ കഴിഞ്ഞ 12നു വിഐപി പ്രസവത്തിന്റെ പേരിൽ മാറ്റിയത്.

സാധാരണ വാർഡിലേക്ക് എത്തിയതോടെ ഹരികൃഷ്ണന്റെ നില ഗുരുതരമായി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വാർഡിൽ കിടന്നതോടെ മണിക്കൂറുകൾക്കുള്ളിൽ അണുബാധയുണ്ടായെന്നു ബന്ധുക്കൾ പറയുന്നു. ജനറൽ വാർഡിലെ ചികിത്സ മൂലം രോഗാവസ്ഥ അതീവ ഗുരുതരമാകുമെന്നു ഡോക്ടർമാർ തന്നെ പറഞ്ഞതോടെയാണു ഹരികൃഷ്ണനെ എയർ ആംബുലൻസിൽ കേരളത്തിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചത്. റായ്പുരിൽ നിന്നു കൊച്ചി വരെ അഞ്ചു ലക്ഷത്തിലേറെ രൂപയാണു ചെലവായത്. തുടർന്ന് വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച രാവിലെ ഹരികൃഷ്ണൻ മരിച്ചു. ഹരികൃഷ്ണന്റെ ചികിത്സാ ചെലവ് പൂർണമായും ഛത്തീസ്ഗഡ് സർക്കാരാണു വഹിച്ചത്.

ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്.

കിക്ക് ബോക്സിങ് ഏഷ്യൻ ചാംപ്യൻഷിപ് ഉൾപ്പെടെയുള്ള മൽസരങ്ങളിൽ സ്വർണമെഡൽ ജേതാവും കിക്ക് ബോക്സിങ്ങിൽ കേരളത്തിൽ നിന്നു ദേശീയ–രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുത്ത ആദ്യ താരവുമാണു ഹരികൃഷ്ണൻ. കുറവിലങ്ങാട് ദേവമാതാ കോളജിലും മാന്നാനം കെഇ കോളജിലും വിദ്യാർഥിയായിരുന്ന ഹരികൃഷ്ണൻ 2012 മുതലാണു ദേശീയ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്.