E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഉമ്മൻചാണ്ടിയുടെ പയറ്റിന് പിണറായിയുടെ പൂഴിക്കടകൻ; സോളറിൽ ഉരുകി യുഡിഎഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pinarayi-oomen-chandy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്നും ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു കേരളം. പ്രതിപക്ഷ നേതാവിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയച്ചുവടിൽ പക്ഷേ ആടിയുലഞ്ഞത് പ്രതിപക്ഷം തന്നെയായിരുന്നു. 2012 ജൂണിൽ നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പു ദിവസം ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയാണ്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടപ്പോൾ പലരും ഓർത്തത്. അന്നത്തെപ്പോലെ ബുധനാഴ്ചയും ഉപതിരഞ്ഞെടുപ്പായിരുന്നു.

സ്വന്തം കോട്ടയായ വേങ്ങരയിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച യുഡിഎഫിനെ വിറപ്പിക്കാൻ പോന്നതെല്ലാം സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മാത്രമൊതുങ്ങുന്നതല്ല, പിണറായി തൊടുത്തുവിട്ട അസ്ത്രങ്ങൾ എന്നതു യുഡിഎഫിനെ, പ്രത്യേകിച്ചു കോൺഗ്രസിനെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കുക.

ഉമ്മൻചാണ്ടിക്കെതിരെ കാര്യമായ പരാമർശമൊന്നും ഇല്ലാത്തതിനാലാണു ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സമർപ്പിച്ച സോളർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതെന്ന് പ്രചാരണമുണ്ടായി. എന്നാൽ, നാടകീയമായി മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചപ്പോൾ അത് സോളർ റിപ്പോർട്ടിനെക്കുറിച്ചാവുമെന്നു സൂചനയും ഇല്ലായിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനാണെന്നായിരുന്നു നിഗമനം. പക്ഷേ, അവസാന നിമിഷത്തിൽ മാത്രമാണു പലർക്കും സോളർ കേസിനെക്കുറിച്ചാണു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമെന്നു മനസ്സിലായത്.

oomen-chandy-new

ടി.പി.ചന്ദ്രശേഖരന്റെ വീട്ടിൽ പോകുന്നതിൽ പാർട്ടിയുടെ അപ്രഖ്യാപിത വിലക്ക് നിലനിൽക്കേയാണ്, നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസംതന്നെ ഒഞ്ചിയം സന്ദർശനത്തിനു വിഎസ് തിരഞ്ഞെടുത്തത്. അതുപോലെയൊരു നാടകീയത പിണറായിക്കുമുണ്ടായിരുന്നു. ചാനലുകളിൽ ന്യൂസ് ബ്രേക്ക് ചെയ്തു തുടങ്ങിയതോടെ യുഡിഎഫ് ക്യാംപിൽ ആശങ്ക പുകഞ്ഞുതുടങ്ങി. ഒരു ദശാബ്ദത്തിലേറെ തന്നെ വേട്ടയാടിയ കേസിൽ കുറ്റവിമുക്തനായ ശേഷമാണു മുഖ്യമന്ത്രി, പ്രതിപക്ഷത്തെ മുഖ്യനേതാവിനെതിരെ, തന്റെ രാഷ്ട്രീയഭാവി തടഞ്ഞ ‘ശത്രു’വിനെതിരെ ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയം.

∙ പിണറായിയുടെ ‘മധുര പ്രതികാരം’

ഗൗരവത്തിലായിരുന്നെങ്കിലും ശാന്തമായാണു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഒരു ‘മധുര പ്രതികാര’ത്തിന്റെ ചിരി മുഖത്തെവിടെയോ ഒളിപ്പിച്ചിരുന്നു. എഴുതിത്തയാറാക്കിയ പത്രക്കുറിപ്പ് വ്യക്തതയോടെ വായിച്ചു. ചുരുക്കം ചില ചോദ്യങ്ങൾക്കു മറുപടി. വിഷയത്തിൽനിന്നു മാറാതിരിക്കാൻ അതീവ ശ്രദ്ധ.

ദശാബ്ദത്തിലേറെ തന്നെയും പാർട്ടിയെയും കുഴപ്പത്തിലാക്കിയ ലാവ്‌ലിൻ കേസിൽനിന്നു കുറ്റവിമുക്തനായ പിണറായിയാണ് സംസാരിച്ചത്. 2006ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനു തൊട്ടുമുൻപത്തെ മന്ത്രിസഭാ യോഗത്തിലാണു ലാവലിന്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത്. പിണറായിയെ വ്യക്തിപരമായും രാഷ്ട്രീയമായും എതിർക്കുന്നവർക്കും ഒതുക്കുന്നവർക്കും കിട്ടിയ വലിയ വടിയായിരുന്നു ലാവ്‍ലിൻ കേസ്. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പിണറായി ഇതിൽനിന്ന് തലയൂരിയത്.

ഉമ്മൻചാണ്ടിക്കൊപ്പം ആ ഭരണകാലത്തെ യുഡിഎഫ് പ്രമുഖരും ജനപ്രതിനിധികളുമാണ് ഇൗ കേസിൽ ചുറ്റി വട്ടംതിരിയേണ്ടിവരിക. സിപിഎമ്മിന്റെ രാപകല്‍ സമരത്തെ നനഞ്ഞ പടക്കമാക്കാൻ പ്രയോഗിച്ച ‘പൊടിക്കൈ’ തന്നെയാണ് ഉമ്മൻചാണ്ടിക്കു തിരിച്ചടിയായതും. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമിച്ച ജുഡീഷ്യല്‍ കമ്മിഷൻ, അന്വേഷിച്ചു സമർപ്പിച്ച റിപ്പോർട്ടിലാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ നിരത്തിയിട്ടുള്ളത്.

∙ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കമ്മിഷൻ

സോളർ വിവാദത്തെ തുടർന്നു സെക്രട്ടേറിയറ്റ് പടിക്കൽ എൽഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്. 2013 സെപ്റ്റംബർ രണ്ടിനു ചേർന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഒക്ടോബർ 10നു ചേർന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. ഒക്ടോബർ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു. 2014 മാർച്ച് മൂന്നിന് കമ്മിഷൻ പ്രവർത്തനം തുടങ്ങി. ആറുമാസ കാലാവധി പലതവണ നീട്ടി. കമ്മിഷനൊപ്പം അനുബന്ധ ജീവനക്കാരുടെയും കാലാവധി നീട്ടിനൽകി. ഇതിനിടെ സർക്കാർ മാറി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷവും ഒന്നിലധികം തവണ നീട്ടിനൽകി. 

saritha-s-nair

കേരളത്തിൽ ഒരു കമ്മിഷൻ ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെന്ന പ്രത്യേകതയുമുണ്ട് സോളർ കമ്മിഷന്. സരിത എസ്. നായർ ഹാജരാകാൻ പല വട്ടം വിസമ്മതിച്ചതോടെയാണു കമ്മിഷൻ വാറന്റ് പുറപ്പെടുവിച്ചത്. ബിജു രാധാകൃഷ്ണൻ നേരിട്ടു സരിത എസ്.നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തിൽ പേരു പരാമർശിക്കപ്പെട്ടവർ സരിതയെ വിസ്തരിച്ചപ്പോൾ. ഒരു മുഖ്യമന്ത്രി കമ്മിഷനു മുൻപിൽ മണിക്കൂറുകളോളം മൊഴി നൽകിയതും ചരിത്രത്തിലാദ്യം.

ബിജു രാധാകൃഷ്ണൻ പറഞ്ഞ സിഡി തേടി കമ്മിഷന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ വരെ ‘തത്സമയ’ യാത്ര നടത്തിയതും വലിയ വാർത്തയായി. 353 സിറ്റിങ് നടത്തിയ കമ്മിഷൻ 214 സാക്ഷികളെ വിസ്തരിച്ചു. 8,464 പേജ് സാക്ഷിമൊഴികൾ രേഖപ്പെടുത്തി. 7,998 പേജിലായി 972 േരഖകൾ ശേഖരിച്ചു. നാലു വാള്യങ്ങളായാണു സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.

∙ അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിക്കുള്ള സാധ്യത വിരളമാണെന്നു എൽഡിഎഫിനു നന്നായറിയാം. എങ്കിലും കാറ്റുള്ളപ്പോൾ പാറ്റുകയെന്ന തന്ത്രമാണു ഇടതുമുന്നണി പുറത്തെടുത്തത്. നിർണായക ദിവസം സോളർ കമ്മിഷൻ റിപ്പോർട്ടിലെ നിഗമനങ്ങളും തുടർ നടപടികളും പ്രഖ്യാപിച്ച്, ബഹുകാതം മുന്നിലെത്താൻ സിപിഎമ്മിനും എൽഡിഎഫിനും കഴിഞ്ഞു. കേവലം ഉപതിരഞ്ഞെടുപ്പിൽ ഒതുക്കാനല്ല, പ്രതിപക്ഷപ്പടയുടെ ആകെ കാറ്റൂതി വിടാനാണ് ഭരണപക്ഷം ശ്രമിച്ചതെന്നതു വ്യക്തം.

ഉമ്മന്‍ചാണ്ടി നേരിട്ടും പഴ്സനൽ സ്റ്റാഫ് അംഗങ്ങള്‍ മുഖേനയും കൈക്കൂലി വാങ്ങിയെന്നു കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ മാത്രം കേസുകൾ ഒതുങ്ങുന്നില്ല എന്നതാണ് പ്രത്യേകത. മാനഭംഗം, അഴിമതി എന്നിങ്ങനെ ഗുരുതരമായ കേസുകളാണു ചുമത്തിയിരിക്കുന്നത്. യുഡിഎഫ് പാളയത്തിൽ വീണ ബോംബാവുകയാണ് ഫലത്തിൽ സോളർ കേസ്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരും മുൻ മന്ത്രിമാരുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടൻ മുഹമ്മദ്, മുൻ എംഎൽഎമാരായ െബന്നി ബെഹനാൻ, തമ്പാനൂർ രവി, എംപിമാരായ കെ.സി.വേണുഗോപാൽ, ജോസ് കെ.മാണി, എംഎൽഎമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യം തുടങ്ങിയവർക്കെതിരെയാണു കേസുകൾ. കൂടാതെ, ഡിജിപി എ.ഹേമചന്ദ്രൻ, എഡിജിപി കെ.പത്മകുമാർ, ഡിവൈഎസ്പി കെ.ഹരികൃഷ്ണൻ, പൊലീസ് അസോ. മുൻ സെക്രട്ടറി ജി.ആർ.അജിത് എന്നീ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും കേസെടുക്കാനും സർക്കാർ തീരുമാനിച്ചു.

∙ യുഡിഎഫിനെ വിടാതെ സരിതാശാപം

അഴിമതിയും ലൈംഗികതയും സ്വജനപക്ഷപാതവും കൂടിക്കലർന്നതോടെയാണ് സോളർ വിവാദം യുഡിഎഫിലും കേരളത്തിലും കത്തിപ്പിടിച്ചത്. പുതിയ വെളിപ്പെടുത്തലുമായി സരിത കളം നിറഞ്ഞതോടെ, ആരാണ് ഇന്നത്തെ ഇര എന്നറിയാൻ നേതാക്കളും ജനങ്ങളും ചങ്കിടിപ്പോടെ കാത്തിരുന്നു. സാമൂഹ്യ, സദാചാര, സ്ത്രീത്വ വിഷയങ്ങളും രാഷ്ട്രീയ ആരോപണത്തിനൊപ്പം കേരളം ചർച്ച ചെയ്തു. പൊതു ഖജനാവിന് നഷ്ടമുണ്ടായില്ലെന്നു നേതാക്കൾ ആവർത്തിക്കുമ്പോഴും അധികാരത്തിന്റെ തണൽപറ്റി അഴിമതിക്കു കളമൊരുക്കിയെന്ന ആരോപണത്തിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനായില്ല.

പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫിന്റെ വലിയ ആയുധമായിരുന്നു സോളർ കേസ്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വീഴ്ചയ്ക്ക് ആഘാതം കൂട്ടാനും സോളർ കാരണമായി. ആരോപണകാലത്തുനിന്നു യഥാർഥ അന്വേഷണത്തിന്റെയും കോടതി നടപടികളുടേയും കാലമാണ് യുഡിഎഫ് നേതാക്കളെ ഇനി കാത്തിരിക്കുന്നത്. കേസിൽ കുടുങ്ങിയവർ പൊലീസ് സ്റ്റേഷനിലും കോടതിയിലും കുറേക്കാലം കയറിയിറങ്ങേണ്ടി വരും. യുഡിഎഫ്തന്നെ നിയമിച്ച കമ്മിഷന്റെ വെളിപ്പെടുത്തൽ അനുസരിച്ചുള്ള നടപടിയായതിനാൽ രാഷ്ട്രീയപ്രേരിത കേസുകളാണെന്ന വിശദീകരണം നേതാക്കൾക്ക് അത്രയധികം പറയാനുമാകില്ല.

ബാർ കോഴക്കേസും സോളർ കേസും വരുത്തിവച്ച കുരുക്കിൽ പൊയ്പ്പോയ പ്രതിഛായ വീണ്ടെടുക്കാൻ മുന്നണി വലിയ വിയർപ്പൊഴുക്കേണ്ടി വരും. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചവരും പണം കൈപ്പറ്റിയവും സരിതയുടെ കത്തില്‍ പേരുള്ളവരും ജനങ്ങളോട് എന്തു മറുപടിയാണു പറയുകയെന്നറിയാതെ കുഴങ്ങുകയാണ്. കെ.എം.മാണിയും കേരള കോൺഗ്രസും (എം) പോയതിനെ തുടർന്നുള്ള വിടവ് കൂടിയാകുമ്പോൾ യുഡിഎഫിന്റെ ഭാവി കുറച്ചുകാലം അത്ര ശോഭനമാകില്ലെന്നാണു വിലയിരുത്തൽ.

pinarayi-new

∙ വാടുന്നത് യുവനേതാക്കൾ

ആരോപണങ്ങളും കേസുകളും ഒട്ടേറെ നേരിട്ട മുതിർന്നവരേക്കാൾ ഇപ്പോഴത്തെ സോളർ കേസ് ബാധിക്കുക യുവനേതാക്കളെയാണ്. ആരോപണ കോലാഹലങ്ങളെ മറികടന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും പലരും കേസിൽ കുടുങ്ങാനുള്ള സാധ്യതയുണ്ട്. പാർട്ടിയിലെ ഭാരവാഹിത്തത്തിലും സാന്നിധ്യത്തിലും കേസ് സ്വാധീനിക്കും.

പുതിയ കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സമയമാണിപ്പോൾ. നൂറിലേറെ പുതുമുഖങ്ങൾ വരുമെന്നാണു പ്രതീക്ഷ. സോളർ കേസിൽ കുടുങ്ങിയവരും പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് അതോറിറ്റി നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനു പാർട്ടി ഉപാ‌ധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടാനാണു സാധ്യത. പ്രതിച്ഛായ ഉള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്നു രാഹുൽ തീരുമാനിച്ചാൽ, പല നേതാക്കളുടെയും ഭാവി വാടിപ്പോകും. എ–ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറാക്കിയ പട്ടികയിൽ അവസാന നിമിഷത്തെ മാറ്റത്തിന് സോളർ കാരണമായേക്കാം.

പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളും സമരങ്ങളും കാര്യക്ഷമമല്ലെന്ന വിമർശനത്തിനിടെയാണ് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ കേസിൽ കുടുങ്ങുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയും മറ്റും പാർട്ടിയിൽ ഉടലെടുത്ത ചർച്ചകൾക്കു ശമനം വന്നേക്കും. എന്നാൽ, ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലും കേസ് വന്നതോടെയും കോൺഗ്രസിനകത്ത് വിഴുപ്പലക്കു ശക്തമായേക്കും. അതേസമയം, പ്രതിപക്ഷത്തെ തറപറ്റിച്ച കരുത്തോടെയാകും ഇനി സിപിഎമ്മിന്റെയും സർക്കാരിന്റെ പ്രവർത്തനം.