എംജി റോഡിലേക്ക് സര്‍വീസ് തുടങ്ങുന്നതോടെ മെട്രോ കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എലും ഡിഎംആര്‍സിയും. സ്ഥിരം യാത്രികരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഇപ്പോഴത്തേതിന്റെ ഇരട്ടി വര്‍ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരെ മെട്രോയില്‍ നിന്ന് അകറ്റുമോ എന്ന ആശങ്കയും ശക്തമാണ്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെ അഞ്ച് കിലോ മീറ്റര്‍ ദൂരം. ഈ ദൂരത്തില്‍ അഞ്ചു സ്റ്റേഷനുകള്‍. ആലുവയില്‍ തുടങ്ങുന്ന മെട്രോ അക്ഷരാര്‍ഥത്തില്‍ കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് പ്രവേശിക്കുക ഈ രണ്ടാം ഘട്ട പാതയിലൂടെയാവും.
എംജി റോഡിലേക്ക് മെട്രോ എത്തുന്നതോടെ പ്രതിദിന യാത്രികരുടെ എണ്ണം എഴുപത്തിയയ്യായിരമെങ്കിലുമെത്തുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ അധികൃതര്‍. ഇതുനല്‍കുന്ന അധികവരുമാനം കൊണ്ട് ദൈനംദിന ചെലവുകളുടെ കാര്യത്തിെലങ്കിലും ഒരു പരിധി വരെ സ്വയം പര്യാപ്തത പ്രതീക്ഷിക്കുന്നുണ്ട് കെഎംആര്‍എല്‍. പക്ഷേ ഈ പ്രതീക്ഷയ്ക്കു മുകളിലേക്കാണ് നഗരത്തിലെ സാധാരണക്കാര്‍ ടിക്കറ്റ് വിലയെന്ന ആശങ്ക ഉന്നയിക്കുന്നത്.
എന്തായാലും നഗര നടുവിലേക്ക് മെട്രോയെത്തുമ്പോള്‍ നിരത്തിലെ തിരക്കു കുറയുമെന്ന പ്രതീക്ഷയാണ് പൊതുവില്‍. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുളള പാതയില്‍ അമ്പത് രൂപയാണ് പരമാവധി ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.