എടിഎമ്മിൽ പണം ഇല്ലെന്നറിയാതെ ഇടപാട് നടത്താൻ ചെന്നയാൾക്കു നഷ്ടമായത് 10000 രൂപ. കഴിഞ്ഞ ഒൻപതിനു രാവിലെ ഇരിട്ടി പുതിയ സ്റ്റാൻഡിലുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ നിന്നു ഫെഡറൽ ബാങ്കിന്റെ എടിഎം കാർഡ് ഉപയോഗിച്ചു 10,000 രൂപ പിൻവലിക്കാൻ ഇടപാടുകാരൻ ശ്രമിച്ചിരുന്നു.
എടിഎമ്മിൽ പണം ഇല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് ഇടപാടുകാരൻ മടങ്ങി. ശനിയും ഞായറും അവധി ആയതിനാൽ തിങ്കളാഴ്ച വീണ്ടും മറ്റൊരു എടിഎമ്മിൽ പണം എടുക്കുന്നതിന് എത്തിയെങ്കിലും പണം ലഭിച്ചില്ല.സംശയം തോന്നിയ ഇടപാടുകാരൻ ബാലൻസ് ചെക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽ 10,000 രൂപയുടെ കുറവ് കാണ്ടെത്തുകയായിരുന്നു.
തുടർന്ന് ബാങ്കിനെ സമീപിച്ച് അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോൾ ശനിയാഴ്ച 10 മണിക്ക് 10000 രൂപ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ എടിഎമ്മിൽ നിന്നു പിൻവലിച്ചതായി കണ്ടെത്തുകയും ചെയ്തു. സമാനമായ സംഭവം നേരത്തേയും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.അന്വേഷണത്തിൽ ദിവസങ്ങളായി ഈ എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നെന്നും തെളിഞ്ഞു. പണം അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും തുക തിരികെക്കിട്ടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇടപാടുകാരൻ ബാങ്ക് അധികൃതർക്കു പരാതി നൽകി. ഏതാനും ദിവസങ്ങൾക്കു ശേഷം പണം അക്കൗണ്ടിൽ തിരികെ എത്തുമെന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ വിശ്വസിച്ചു കഴിയുകയാണ് ഇടപാടുകാരൻ.