മുസ്‍ലിം ലീഗിന്‍റെ നിയമസഭാ കക്ഷി നേതാക്കളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് അതൃപ്തി. വി.കെ ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ കക്ഷി ഉപനേതാവായി തിരഞ്ഞെടുത്തതിനെതിരെ ടി.എ അഹമ്മദ് കബീര്‍ എം.എല്‍എയ്ക്കാണ് പ്രതിഷേധമുള്ളത്.
എറണാകുള ജില്ലയിലെ മുസ്‍ലിം ലീഗിനുള്ളിലെ പടലപിണക്കങ്ങളുടെ തുടര്‍ച്ചയായാണ് നിയമസഭാ കക്ഷി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിഷേധമുയരുന്നത്. എം.കെ മുനീറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതില്‍ അതൃപ്തിയില്ലെങ്കിലും വി.കെ ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവാക്കിയതില്‍ അഹമ്മദ് കബീറിന് എതിര്‍പ്പുണ്ട്. ഉപനേതാവ് സ്ഥാനത്തേക്ക് വി.കെ ഇബ്രാഹിംകുഞ്ഞിന്‍റേയും അഹമ്മദ് കബീറിന്‍റേയും പേരുകള്‍ ചര്‍ച്ചയായപ്പോള്‍ എംഎല്‍എമാരെ പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം അറിഞ്ഞശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപനേതാവിനെ പ്രഖ്യാപിച്ചത്.
വി.കെ ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവാക്കിയപ്പോള്‍ അഹമ്മദ് കബീറിനെ സെക്രട്ടറിയാക്കികൊണ്ട് പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമിച്ചിരുന്നു. നാലുവട്ടം എംഎല്‍എയായെന്ന പരിഗണന കൂടി നല്‍കിയാണ് ഇബ്രാഹംകുഞ്ഞിനെ ഉപനേതാവാക്കിയത്. എന്നാല്‍ പാര്‍ട്ടിയില്‍ ഇബ്രാഹിംകുഞ്ഞിനേക്കാള്‍ മുതിര്‍ന്ന അഹമ്മദ് കബീറിനെ പരിഗണിച്ചില്ലെന്ന അതൃപ്തി അഹമ്മദ് കബീറിനൊപ്പമുള്ളവര്‍ക്കുണ്ട്.