ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ മെച്ചപ്പെട്ട പോളിങ്. മൂന്നു മണിവരെ 52.60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ 66.05 ശതമാനമാണ് പോളിങ്. ആന്ധ്രയിലും ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും തെലങ്കാനയിലും ഒഡീഷയിലും അന്‍പത് ശതമാനത്തില്‍ കൂടുതലാണ് പോളിങ്. ബംഗാളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരെ തടവിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല ആരോപിച്ചു.
ഒന്‍പത് സംസ്ഥാനങ്ങളിലെ 95 ലോക്സഭാ സീറ്റും ജമ്മുകശ്മീരിലെ ശ്രീനഗറുമാണ് വിധിയെഴുതുന്നത്. വോട്ടുചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ബംഗാളിലെ ദുര്‍ഗാപുരില്‍ ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രസേനാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ബിര്‍ഭുമില്‍ പോളിങ് സ്റ്റേഷന് സമീപം ബിജെപി സജ്ജമാക്കിയിരുന്ന സ്റ്റാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നു. ഇന്നലെ രാത്രയാണ് ബോംബ് സ്ഫോടനം നടത്തിയ ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടികൊല്ലപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതും ഫലം മാറിമറിയാന്‍ സാധ്യതയുള്ളതുമായ മണ്ഡലങ്ങള്‍ ഏറ്റവും അധികമുള്ളത് നാലാം ഘട്ടത്തിലാണ്. 1,717 സ്ഥാനാര്‍ഥികള്‍. 96ല്‍ 21 മണ്ഡലങ്ങള്‍ ചാഞ്ചാട്ട സ്വഭാവമുള്ളവയാണ്. 10 മണ്ഡലങ്ങള്‍ ബിജെപി ശക്തികേന്ദ്രങ്ങളാണ്. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ക്രിക്കറ്റ് താരം യൂസുഫ് പഠാന്‍, ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിള, എെഎഎംെഎഎം നേതാവ് അസദുദീന്‍ ഉവൈസി, കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട, നടന്‍ ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുടെ മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്.
Lok sabha elections 2024 phase 4 update