ജമ്മു കശ്മീരിലെ അനന്ത്‌നാഗ് - രാജൗരി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും.  വോട്ടെടുപ്പ് മാറ്റിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ആരോപിച്ചു.  പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പ് മാറ്റിയത്. 

 

അനന്ത് നാഗ് രജൗരി മണ്ഡലത്തില്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി മെയ് ഏഴിന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മെയ് 25ലേക്കാണ് മാറ്റിയത്.  പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവെയാണ് തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. ഗൂഢാലോചനയാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കുമെതിരെ പിഡിപി പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധിച്ചു.  

 

ബി.ജെ.പിയെയും ഒപ്പം നില്‍ക്കുന്നവരെയും സഹായിക്കാനാണ് കമ്മിഷന്‍റെ നീക്കമെന്ന് പി.ഡി.പി അധ്യക്ഷയും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ മെഹ്ബൂബ മുഫ്തി ആരോപിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കുന്നത് ഇതാദ്യമല്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.  

 

കനത്ത മഴ, മഞ്ഞുവീഴ്ച, മണ്ണിടിച്ചില്‍ എന്നിവ കാരണം തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി കാണിച്ച് ബിജെപി, കശ്മീർ അപ്നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ പാർട്ടികള്‍ വോട്ടെടുപ്പ് മാറ്റിയത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.  മണ്ഡലത്തിന്‍റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏക പാതയായ മുഗൾ റോഡ് കനത്ത മഴയില്‍ തകര്‍ന്നതായും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ടനുസരിച്ചാണ് കമ്മിഷന്‍ നടപടി.  അനന്ത് നാഗില്‍ പിഡിപിയുടെ നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലാണ് പ്രധാന മല്‍സരം. ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെങ്കിലും അപ്നി പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണയ്ക്കാനാണ് സാധ്യത.