കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; സുനിത കെജ്‍രിവാളിനെ കണ്ട് സജീവ പ്രചാരണത്തിലേക്ക് കടന്ന് കനയ്യ

ആം ആദ്മി പാർട്ടിയുമൊത്തുള്ള മത്സരത്തെ ചൊല്ലി ഡൽഹി കോൺഗ്രസിൽ പൊട്ടിത്തെറി തുടരവേ സുനിത കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി സജീവ പ്രചാരണത്തിലേക്ക് കടന്ന് കനയ്യ കുമാർ. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചാണെന്നും പാർട്ടികള്‍ക്കോ സ്ഥാനാർഥികള്‍ക്കോ വേണ്ടിയല്ല ഡല്‍ഹി ജനതക്കായാണ് പോരാട്ടമെന്നും കൂടിക്കാഴ്ചക്ക് ശേഷം കനയ്യ പ്രതികരിച്ചു. 

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ച് രണ്ട് കോൺഗ്രസ് മുൻ എംഎൽഎമാർ പാർട്ടി വിട്ടു.  തിരഞ്ഞെടുപ്പിലേക്ക് നീങ്ങും തോറും ഡൽഹി കോൺഗ്രസിലെ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. സ്ഥാനാർത്ഥികൾ പ്രചാരണം ശക്തമാക്കുന്നതിനിടെ പാർട്ടിയിൽ രാജിയേറി. ആംആദ്മിപാര്‍ട്ടിക്കൊപ്പമുള്ള മത്സരത്തില്‍ പ്രതിഷേധിച്ച് മുൻ എംഎൽഎമാരായ നീരജ് ബസോയയും നസീബ് സിംഗുമാണ് കോണ്‍ഗ്രസ് ട്ടി വിട്ടത്. 

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെയും സ്ഥാനാര്‍ഥി നിര്‍ണയെത്തും എതിര്‍ത്ത്  അധ്യക്ഷപദം രാജി വച്ച  അര്‍വിന്ദര്‍ ലവ്ലിക്കൊപ്പം നില്‍ക്കുന്നവരാണ് ഇരുവരും. ഇതിനിടെയാണ് പ്രചാരണം ശക്തമാക്കുന്നതിന് മുന്പ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി കനയ്യ കുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്.

ബീഹാര്‍ സ്വദേശിയായ കനയ്യ കുമാറിനെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ശക്തമാണ്. കനയ്യ ആദ്യമായി മണ്ഡല സന്ദര്‍ശനം നടത്തുകയും ഇന്ത്യ സഖ്യത്തിന്റെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത സമയത്താണ് ലവ്ലി പാര്‍ട്ടി അധ്യക്ഷ  പദം രാജി വച്ചത്.