മസ്ജിദിന് നേരെ അമ്പെയ്യുന്ന ആംഗ്യം; ബിജെപി സ്ഥാനാർഥിക്കെതിരെ കേസെടുത്തു

രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്‍ലിം ആരാധനാലയത്തിന് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലതയ്‌ക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമത്തിന് ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

ഏപ്രിൽ 17 ന് ഹൈദരാബാദിലെ സിദ്ധിയംബർ ബസാറിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ മാധവി ലത മസ്ജിദിലേക്ക് സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ഷെയ്ക്ക് ഇമ്രാൻ എന്നയാള്‍ ബിജെപി സ്ഥാനാർത്ഥിക്കെതിരെ പരാതി നല്‍കിയിരുന്നു. ലോക്‌സഭാ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ മുസ്‍ലിം സമുദായത്തിനെതിരെ മാധവി ലത അപമാനകരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

'മാധവിയുടെ ഈ നിരുത്തരവാദപരമായ നടപടി മുസ്‍ലിം സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നു, അത് മുഴുവൻ സമൂഹത്തിനും വേദനയും അപമാനവും ഉണ്ടാക്കി. നഗരത്തിന്‍റെ സമാധാനവും സൗഹാർദവും തകർക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്നതിന്‍റെ ഉദാഹരണമാണിത്. മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തില്‍ മാധവി ലതയെ ശിക്ഷിക്കണം' എന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. 

സംഭവം വിവാദമായതിന് ശേഷം വിശദീകരണവുമായി സ്ഥാനാര്‍ഥി തന്നെ രംഗത്തുവന്നിരുന്നു. ' എന്‍റെ വീഡിയോ തെറ്റായ രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതൊരു അപൂര്‍ണ വീഡിയോ ആണ്. എല്ലാ വ്യക്തികളെയും ബഹുമാനിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ അവരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു' എന്നായിരുന്നു മാധവി പറഞ്ഞത്. 

ഉത്സവാഘോഷത്തില്‍ നിന്നുള്ള വീഡിയോ ആണ് അതെന്നും താന്‍ അമ്പെയ്യുമ്പോള്‍ അവിടെ മസ്ജിദ് ഉണ്ടായിരുന്നില്ലെന്നും വീഡിയോ  എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും മാധവി ആരോപിച്ചു. ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയാണ് മാധവിയുടെ പ്രധാന എതിരാളി. 

BJP Hyderabad Candidate Madhavi Latha On FIR Over Her 'Imaginary Arrow' Gesture