‘ദൂരദര്‍ശന്‍ ലോഗോ കാവിയാക്കി; മറുപടി വോട്ടില്‍ കിട്ടും’: രോഷത്തോടെ സ്റ്റാലിന്‍

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശന്‍റെ ലോഗോയുടെ നിറം മാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. സകലതിനെയും കാവിവൽക്കരിക്കാനാണ് ബിജെപി ശ്രമമെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഫാസിസത്തിനെതിരെയുളള ജനങ്ങളുടെ മറുപടിയായിരിക്കും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം. 

'കവി തിരുവള്ളുവരിനെ കാവിവത്കരിച്ചു. മഹാന്മാരായ നേതാക്കളുടെ പ്രതിമകൾക്ക് കാവിനിറം നൽകി. റേ‍ഡിയോ എന്ന പേര് ആകാശവാണിയെന്നാക്കി സംസ്കൃതവത്കരിച്ചു. പൊധിഗൈ എന്ന മനോഹരമായ പേരും എടുത്ത് കളഞ്ഞു. ഇപ്പോഴിതാ ദൂരദര്‍ശന് കാവി അടയാളവും നല്‍കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നമ്മൾ പറഞ്ഞതുപോലെ, എല്ലാം കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ പ്രിവ്യൂ മാത്രമാണിത്. ഫാസിസത്തിനെതിരെയുളള ജനങ്ങളുടെ മറുപടിയായിരിക്കും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമെന്നും' സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. 

ദിവസങ്ങള്‍ക്കുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയുടെ നിറം മാറ്റിയത്. ചുവപ്പ് നിറത്തിന് പകരം കാവിനിറത്തിലാണ് പുതിയ ലോഗോ. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന വാർത്തകളും പരിപാടികളും കേന്ദ്ര സര്‍ക്കാരിന് അനുകൂലമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറം മാറ്റം. ലോഗോയുടെ നിറം മാറ്റത്തില്‍ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം നിറം മാറ്റത്തെ അധാർമികമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചത്.

MK Stalin attacks BJP over 'saffron' Doordarshan logo