സല്‍മാന്‍ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം;പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയ്

നടന്‍ സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമെന്ന നിഗമനത്തിലേക്ക് പൊലീസ്. ബൈക്കിലെത്തി വെടിവയ്പ്പ് നടത്തിയതില്‍ ഒരാള്‍ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ സഹായിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി മുംബൈയ്ക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടായിരുന്നു കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയും സംഘവും സല്‍മാന്‍ ഖാനെ ഉന്നമിട്ടത്. നടന്‍റെ വസതിക്ക് നേരെ ഇന്നലെയുണ്ടായ വെടിവെയ്പ്പും ഇതേസംഘം ആസൂത്രണം ചെയ്തതാണെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബൈക്കിന് പിന്നില്‍ ഇരുന്ന് വെടിയുതിര്‍ത്തത് ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ വിശാലാണെന്ന് തിരിച്ചറിഞ്ഞു. 

രാജസ്ഥാനിലെ ഗോദാര ഗ്രൂപ്പിന്‍റെ ഭാഗമായ വിശാല്‍ നിരവധി കൊലപാതക കേസുകളിലെ പിടികിട്ടാപുള്ളിയാണ്. ബിഷ്ണോയ് സംഘത്തിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ഗോദാര ഗ്രൂപ്പിന് പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും പങ്കുണ്ട്. അതേസമയം, വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്ക് ബൈക്കും മറ്റ് സഹായവും നല്‍കിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ച ബൈക്കാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായി. ബൈക്ക് ഉപേക്ഷിച്ച ശേഷം ബാന്ദ്രയില്‍ നിന്നും ട്രെയിന്‍മാര്‍ഗമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സൂചന.

 ഒളിവിലുള്ള പ്രതികള്‍ക്ക് വേണ്ടി മുംബൈക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 15 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. സല്‍മാനും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Firing at Salman Khan’s home: Lawrence Bishnoi’s Gang Claims Responsibility’

MORE IN INDIA