പ്രളയം വീടെടുത്തു; ശുചിമുറിയില്‍ താമസമാക്കി വയോധിക; കണ്ടില്ലെന്ന് അധികൃതര്‍; ദുരിതം

കനത്ത മഴ നാശംവിതച്ച് പെയ്തുതോര്‍ന്നപ്പോള്‍ സ്വന്തമായുണ്ടായിരുന്ന വീടും ഇല്ലാതായി മിഥില മഹാതോ എന്ന അറുപത്താറുകാരിക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭര്‍ത്താവ് മരിച്ചു, മക്കളും ഉപേക്ഷിച്ചു. ഇതോടെ ഒറ്റയ്ക്കായിരുന്നു പശ്ചിമ ബംഗാളിലെ പുരുലിയ സ്വദേശിയായ മിഥില താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പെയ്ത മഴയില്‍ ആകെയുണ്ടായിരുന്ന കിടപ്പാടവും ഒലിച്ചുപോയി. ഇതോടെ എന്തുചെയ്യും, എങ്ങോട്ട് പോകും എന്നറിയാതെ പകച്ചുനിന്നു ഈ അമ്മ. 

സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പണികഴിപ്പിച്ച ശുചിമുറിയാണ് മിഥിലയുടെ ആശ്രയമിപ്പോള്‍. നാലടി പൊക്കമുള്ള ഈ അമ്മ കിടക്കുന്നത് വെറും മൂന്നടിയുള്ള ശുചിമുറിയില്‍ ചുരുണ്ടുകൂടി. സഹായംതേടി അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് നിവര്‍ന്ന് ഇരിക്കാന്‍ പോലും സ്ഥലസൗകര്യമില്ലാത്ത ശുചിമുറിയില്‍ വയോധിക താമസം തുടങ്ങിയത്. ‘ഒരു വര്‍ഷമായി ഇവിടെയാണ് ജീവിക്കുന്നത്, എനിക്ക് വേറെ എന്ത് ചെയ്യാന്‍ കഴിയും’ എന്നാണ് ഈ അമ്മ കണ്ണീരോടെ ചോദിക്കുന്നത്.

സംഭവം വാര്‍ത്തയായതിനു പിന്നാലെ പഞ്ചായത്ത്, ജില്ലാ തലത്തിലുള്ള അധികൃതര്‍ തങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നുവെന്ന പ്രതികരണവുമായി രംഗത്തെത്തി. ഇങ്ങനെയൊരാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല, വീടിനായി ഇവര്‍ അപേക്ഷിച്ചിരുന്നോ എന്ന് ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കയ്യൊഴിഞ്ഞപ്പോള്‍ ഒരു ഷെഡ് പണിത് തരാം എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.

എംഎല്‍എയ്ക്കോ എംപിക്കോ അവസ് യോജന പദ്ധതിയില്‍ പങ്കില്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് പദ്ധതിക്കായി ഫണ്ട് നല്‍കുന്നത്. വയോധികയെ എന്തുകൊണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയില്ല എന്നത് അന്വേഷിക്കണം എന്നായിരുന്നു സ്ഥലം എംപി ജ്യോതിര്‍മയി സിങ് മഹ്തോ വിഷയത്തില്‍ പ്രതികരിച്ചത്. 

A toilet has been this 66-year-old woman’s home for a year in Bengal