ലക്ഷദ്വീപില്‍ പിടിമുറുക്കി നാവികസേന; നിരീക്ഷണവും പ്രതിരോധവും വര്‍ധിപ്പിക്കും

ലക്ഷദ്വീപില്‍ രണ്ടാമത്തെ നാവികകേന്ദ്രവും കമ്മീഷന്‍ ചെയ്തതോടെ മേഖലയില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവികസേന. അറബിക്കടലിലെ സമുദ്രാധിപത്യം ഉറപ്പിച്ച് നിരീക്ഷണവും പ്രതിരോധവും വര്‍ധിപ്പിക്കുകയാണ്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്കൊപ്പം സമഗ്രപദ്ധതിയുടെ ഭാഗമായാണ് നാവികസേനയുടെ അടിസ്ഥാന സൗകര്യവികസനം.

രാജ്യാന്തര കപ്പല്‍ചാലും അനുബന്ധ മേഖലയും വരുതിക്കുള്ളിലാക്കി നിരീക്ഷണം. ലഹരി– ആയുധ കടത്ത് സംഘങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത. അറബിക്കടലില്‍ ഇന്ത്യയുടെ പ്രകൃതിദത്ത വിമാനവാഹിനി. അതാണ് ലക്ഷദ്വീപ്. അതുകൊണ്ടുതന്നെയാണ് ഇവിടം കേന്ദ്രീകരിച്ച് ഇന്ത്യ നാവികസേനാ സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഇന്‍ഡോ പസഫിക് മേഖലയിലെ മാറിവരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ വരുതിയിലാക്കുക തന്നെ ലക്ഷ്യം. മിനിക്കോയില്‍ ഐ.എന്‍.എസ് ജടായുവെന്ന പേരില്‍ ലക്ഷദ്വീപിലെ രണ്ടാമത്തെ നാവികകേന്ദ്രം തുറന്നതും ആക്രമണോല്‍സുക സാന്നിധ്യം ഉറപ്പുവരുത്താനാണ്. പേരുപോലെ ആദ്യ പ്രതികരണമാണ് ദൗത്യം. 

യുദ്ധക്കപ്പലുകള്‍, അതിവേഗ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എല്ലാം ഐ.എന്‍.എസ് ജടായു കേന്ദ്രീകരിച്ച് ഉണ്ടാകും. പകലും രാത്രിയും വിമാനമിറക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്, ആവശ്യമെങ്കില്‍ നിലവിലെ ഷിപ്പ്ബെര്‍ത്ത് വികസനം എന്നിവയും പരിഗണനയില്‍. ഏഷ്യന്‍ വന്‍കരയുടെ ഇരുഭാഗത്തേക്കും പെട്രോളിയം അടക്കമുള്ള ചരക്ക് ഗതാഗതം ഭൂരിഭാഗവും നടക്കുന്ന 8 ഡിഗ്രി, 9 ഡിഗ്രി കപ്പല്‍ ചാലുകള്‍ മിനിക്കോയ് ദ്വീപിന്റെ ഇരുവശത്തുകൂടിയാണ് കടന്നുപോകുന്നത്. കപ്പലുകളുടെ സുരക്ഷയും, മേഖലയുടെ നിയന്ത്രണവും ഇവിടെനിന്ന് ഇന്ത്യന്‍ നാവികസേനയ്ക്ക് സാധ്യമാകും. മാലദ്വീപിനെയും, ശ്രീലങ്കയെയും ഒപ്പംനിര്‍ത്തിയുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാനും ലക്ഷദ്വീപില്‍ പിടിമുറുക്കുന്നതോടെ ഇന്ത്യയ്ക്ക് സാധിക്കും.

Naval surveillance in lakshadweep