മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റുവിഭജനം നീളുന്നു

ശിവസേന ഷിന്‍ഡെ പക്ഷം സിറ്റിങ് സീറ്റുകള്‍ക്കായി സമ്മര്‍‌ദം കടുപ്പിച്ചതോടെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റുവിഭജനം നീളുന്നു. 48ല്‍ മുപ്പത് ഇടത്തും മല്‍സരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തര്‍ക്കം തീര്‍ക്കാന്‍ അമിത് ഷാ ഇന്ന് സംസ്ഥാനത്ത് എത്തുന്നുണ്ട്.

ബിജെപി സഖ്യമായ മഹായുതിക്ക് അത്ര എളുപ്പമാകുന്നില്ല കാര്യങ്ങള്‍. കഴിഞ്ഞതവണ വിജയിച്ച 18 സീറ്റുകള്‍ എങ്കിലും വേണമെന്ന ഉറച്ച നിലപാടിലാണ് ശിവസേന ഷിന്‍ഡെ പക്ഷം. എന്നാല്‍ പിളര്‍പ്പിനുശേഷം ഒപ്പമുള്ള 13 എം.പിമാരുടെ എണ്ണം നോക്കി സീറ്റ് തരാമെന്ന് ബിജെപി. പലയിടത്തും അഭിപ്രായഭിന്നകള്‍ പരസ്യമായി. 48ല്‍ 30 സീറ്റിലും മല്‍സരിക്കാനുള്ള ബിജെപിയുടെ പുറപ്പാടിനെതിരെ മുന്നണിയില്‍ അതൃപ്തിയുണ്ട്.

പങ്കജ മുണ്ടെയ്ക്കായി ഔറംഗാബാദും ബിജെപി ജില്ലാ അധ്യക്ഷനായി രാംടെകും വിട്ടുതരില്ലെന്ന് ശിവസേന. രത്നഗിരി–സിന്ധുദുര്‍ഗില്‍ സേനയെ വെട്ടി മല്‍സരിക്കാന്‍ ഒരുങ്ങി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. നടി നവ്നീത് റാണെയുടെ മണ്ഡലമായ അമരാവതിയിലും ശിവസേന നോട്ടമിടുന്നുണ്ട്. പത്ത് സീറ്റ് ആവശ്യപ്പെട്ട എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് പക്ഷേ അഞ്ച് സീറ്റുമാത്രമാകും കിട്ടുക. തര്‍ക്കങ്ങളെല്ലാം അമിത് ഷായുടെ സാന്നിധ്യത്തില്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതാക്കള്‍. മഹാവികാസ് അഘാഡിക്ക് മുന്‍പേ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കളത്തില്‍ ഇറങ്ങാനാണ്.

Eknath shinde led mahayuti aims to win 45 of maharashtras 48 lok sabha seats