'യേശുവിന്‍റെ പ്രതിമ നീക്കണം'; അസമിലെ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ അന്ത്യശാസനം

അസമിലെ ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ മതചിഹ്നങ്ങളും വേഷവിധാനങ്ങളും ഒഴിവാക്കണമെന്ന ഹിന്ദുത്വ സംഘടനയായ സാൻമിലിത സനാതൻ സമാജിന്‍റെ ആഹ്വാനത്തിന് പിന്നാലെയാണ് അന്ത്യശാസനം നല്‍കിക്കൊണ്ടുള്ള ഭീഷണി പോസ്​റ്ററുകള്‍ സ്കൂളുകളുടെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടത്. സ്കൂളുകളെ മത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനെതിരായ അവസാന താക്കീതാണ് ഇതെന്നും ഭാരതത്തിനെതിരായ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. സ്കൂള്‍ പരസരത്തു നിന്നും പള്ളികളും, യേശുവിന്‍റേയും മാതാവിന്‍റേയും പ്രതിമകളും നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും പാര്‍ലമെന്‍റിനെ ബഹുമാനിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. സമാനമായ ആഹ്വാനം കുടുംബ സുരക്ഷാ പരിഷത്ത് എന്ന മറ്റൊരു ഗ്രൂപ്പും അടുത്തിടെ പുറപ്പെടുവിച്ചിരുന്നു.

പോസ്റ്ററുകള്‍ മതിലുകളില്‍ പതിച്ചതിന് പിന്നാലെ കര്‍മേല്‍ സ്കൂള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പൊലീസ് സംഭവം അന്വേഷിക്കുകയാണെന്ന് അറിയിച്ചു. ഗുവാഹത്തിയിലെ ഡോൺ ബോസ്‌കോ ബോയ്‌സ് സ്‌കൂളിലും സെന്‍റ് മേരീസ് സ്‌കൂളിലും ബാർപേട്ട, ദിബ്രുഗഡ്, ശിവസാഗർ എന്നിവിടങ്ങളിലെ സ്കൂളുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. "ഫ്രഞ്ച് ഘടകങ്ങളുടെ" പ്രവൃത്തിയാണ് ഈ പോസ്റ്ററുകളെന്നാണ് അസം ക്രിസ്ത്യൻ ഫോറം വിശേഷിപ്പിച്ചത്. സംസ്ഥാനത്തുടനീളം ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ നാനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Hindutva groups threaten Christian management Schools