പേരു മാറ്റി പൊലീസിന്‍റെ കണ്ണുവെട്ടിച്ച് 22 വര്‍ഷം; അധ്യാപകനായി ജോലി; സിമി നേതാവ് അറസ്റ്റില്‍

22 വര്‍ഷം നീണ്ട തിരച്ചിലുകള്‍ക്ക് ശേഷം നിരോധിത സംഘടനായായ സിമിയുടെ നേതാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 47 കാരനായ ഹനീഫ് ഷെയ്ഖിനെയാണ് ഡല്‍ഹി സ്പെഷ്യല്‍ സെല്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2002 ല്‍ ന്യു ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനില്‍ യുഎപിഎ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ 25 വര്‍ഷകാലം സിമിയുടെ 'ഇസ്‍ലാമിക് മൂവ്മെന്‍റ്' മാസികയുടെ ഉറുദ്ദു വിഭാഗം എഡിറ്ററായിരുന്നു ഹനീഫ് ഷെയിഖ്. 

മാഗസിനുകളില്‍ അച്ചടിച്ച് വന്ന 'ഹാനിഫ് ഹുദായി' എന്ന പേര് മാത്രമായിരുന്നു സിമി നേതാവിനെ പറ്റി പൊലീസിന് മുന്നിലുണ്ടായിരുന്ന സൂചന. അത് ഇയാളെ കണ്ടെത്തുന്നതിലും തിരിച്ചടിയായി. സിമി പ്രവര്‍ത്തരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഡിജിറ്റല്‍ തെളിവുകള്‍ക്കും പ്രത്യേക ടീമിനെ ഉണ്ടാക്കിയായിരുന്നു സ്പെഷ്യല്‍ സെല്ലിന്‍റെ പ്രവര്‍ത്തനം. ഇതില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരച്ചില്‍ തുടരുന്നതിനിടെ ഇയാള്‍ മുഹമ്മദ് ഹനീഫ് എന്ന പേരിലേക്ക് മാറിയെന്നതാണ് പൊലീസിന് ലഭിച്ച നിര്‍ണായക വിവരം. ജല്‍ഗാവ് ജില്ലയിലെ ഭൂസാവളില്‍ ഉര്‍ദ്ദു മീഡിയം സ്കൂളില്‍ അധ്യാപകനായെന്നുമുള്ള വിവരത്തോടെയാണ് ഹാനിഫിനായി പൊലീസ് വലവിരിച്ചത്. ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2.50 ഓടെ മുഹമ്മദിന്‍ നഗറില്‍ നിന്നും കഥ്ക റോഡിലേക്ക് സഞ്ചരിക്കുകയായിരുന്ന വ്യക്തി ഹനീഫാണെന്ന് തിരിച്ചറിയുകയും പൊലീസ് വളയുകയും ചെറിയ മല്‍പ്പിടിത്തതിന് ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സ്പെഷ്യല്‍ സെല്‍ ഡിസിപി അലോക് കുമാര്‍ പറഞ്ഞു. 

മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ സ്വദേശിയായ ഹനീഫ് ഷെയ്ഖ് 1997 ല്‍ ഡിപ്ലോമ പഠനത്തിന് ശേഷമാണ് സിമിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നത്. സിമി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും മുസ്ലിം യുവാക്കളെ സംഘടയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മാഗസിന്‍ എഡിറ്ററെന്ന നിലയില്‍ തീവ്രവികാരമുണര്‍ത്തുന്ന ലേഖനങ്ങളും ഇയാളുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരള എന്നിവിടങ്ങളിലെ സിമി ക്യാംപുകളില്‍ ഇയാള്‍ പങ്കെടുത്തതായും 2002 ല്‍ പൊലീസ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. 2001 ലെ പരിശോധനയ്ക്കിടെ തലനാരിഴയ്ക്കാണ് ഹനീഫ് ഷെയ്ഖ് രക്ഷപ്പെട്ടത്. 2022 ല്‍ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും 22 വര്‍ഷമായി പിടികിട്ടാപുള്ളിയായി തുടരുകയായിരുന്നു.

Delhi police arrest simi activist from maharashtra after absconding for 22 year