സംസ്ഥാന പദവിയും തൊഴില്‍ സംവരണവും വേണം; ലഡാക്കില്‍ വന്‍പ്രക്ഷോഭം

സംസ്ഥാന പദവിയും തൊഴില്‍ സംവരണവും ആവശ്യപ്പെട്ട് ലഡാക്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം. ലഡാക്കിലെ ലേ, കാര്‍ഗില്‍ ജില്ലകളിലാണ് ആയിരങ്ങള്‍ അണിനിരന്ന വന്‍ പ്രക്ഷോഭം നടന്നത്. തദ്ദേശീയര്‍ക്ക് തൊഴില്‍ സംവരണം, ഗോത്രപദവി, ലേ, കാര്‍ഗില്‍ ജില്ലകളില്‍ പാര്‍ലമെന്‍ററി സീറ്റുകള്‍ എന്നീ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിച്ചിരുന്നു. ബാള്‍ട്ടി, ബേഡ, ബോട്ട്, ബോട്ടോ, ബ്രോക്പ, ദ്രോപ്‌ക, ഡാര്‍ഡ്, ഷിന്‍, ചാങ്പ, ഗാര, മോണ്‍, പുരിഗ്പ എന്നീ ഗോത്രവിഭാഗങ്ങളാണു ജനസംഖ്യയില്‍ ഭൂരിഭാഗമെന്നും അതിനാല്‍ ആറാം ഷെഡ്യൂള്‍ പദവി വേണമെന്നുമാണ് പ്രേക്ഷോഭകരുടെ ആവശ്യം. കൊടുംതണുപ്പിനെ വകവെക്കാതെയാണ് ജനങ്ങള്‍ പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രദേശത്തെ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. 

ജനുവരി 23നു ലെ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് ജനുവരി 23നു സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിനു കീഴിലുള്ള പദവിയും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കിയിരുന്നു. ആറാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കപ്പെടുന്ന മിസോറാം, ത്രിപുര, സിക്കിം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും മെമ്മോറാണ്ടത്തില്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നു.  ഇതിന് ഫലം കാണാതായതോടെയാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലേക്ക് ഇറങ്ങിയത്. 

Massive agitation in Ladakh demanding statehood and job reservation