ലഡാക്കിന് സംസ്ഥാന പദവി വേണം; മരംകോച്ചുന്ന തണുപ്പിലും നിരാഹാരസമരം

ലഡാക്കിലെ മരംകോച്ചുന്ന തണുപ്പിലും നിരാഹാരസമരത്തിലാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ലഡാക്കിന് സംസ്ഥാന പദവിയും പരിസ്ഥിതി വിഷയങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം. ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയെന്നാരോപിച്ച് ചൈനാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. 

-11 ഡിഗ്രി താപനിലയില്‍ വെള്ളം കുടിച്ചും ഉപ്പ് മാത്രം കഴിച്ചും സോനം വാങ്ചുക്കിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധം 16 ദിവസം പിന്നിടുന്നു. നാല് ആവശ്യങ്ങളാണ് ഇവര്‍ക്കുള്ളത്. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുക, ലേ, കാര്‍ഗില്‍ എന്നീ രണ്ട് ലോക്സഭ മണ്ഡലങ്ങളാക്കി വിഭജിക്കുക, വ്യാവസായിക ചൂഷണം അവസാനിപ്പിച്ച് പരിസ്ഥിതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക. കേന്ദ്രസര്‍ക്കാര്‍ ലഡാക്കുകാരുടെ വിശ്വാസം സംരക്ഷിച്ചില്ലെന്നും അതുകൊണ്ടാണ് പ്രതിഷേധമെന്നും സോനം വാങ്ചുക്ക്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലേ അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലൈന്‍സ് എന്നീ സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മാര്‍ച്ച് നാല് മുതല്‍ പ്രതിഷേധം തുടങ്ങിയത്. ഫാത്തിമ ചൗക്ക് മുതല്‍ ഹുസൈനി പാര്‍ക്ക് വരെ നീളുന്ന വന്‍ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് നൂറുകണക്കിന് പേര്‍ പിന്തുണ പ്രഖ്യാപിക്കുന്നു. ലഡാക്കിലെ മഞ്ഞുപാളികള്‍ ഇല്ലാതാകുമ്പോള്‍ കാലാവസ്ഥാ മാറ്റമൂലം ലഡാക്കികള്‍ നാടുവിടേണ്ടി വരുമെന്ന് സോനം വാങ്ചുക്ക് പറയുന്നു. ചൈന ലഡാക്കില്‍ കയ്യേറ്റം തുടങ്ങിയതോടെ നാടോടികളുടെയും നാട്ടുകാരുടെയും ഉപജീവനമാര്‍ഗം ഇല്ലാതായെന്നും ആരോപിക്കുന്നു. പതിനായിരം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ചാണ് പ്രതിഷേധക്കാര്‍ ചൈന അതിര്‍ത്തികളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന ഹിറ്റ് ബോളിവുഡ് സിനിമയിലെ അമീര്‍ ഖാന്‍റെ കഥാപാത്രത്തെ സോനം വാങ്ചുക്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൃഷ്ടിച്ചത്.