വീണ്ടും കളംമാറ്റത്തിന് നിതീഷ്; മലക്കംമറിച്ചിലുകളുടെ ചരിത്രം

Congress leader Rahul Gandhi and Bihar Chief Minister Nitish Kumar at Congress President Mallikarjun Kharge's residence, in New Delhi on April 12, 2023 (PTI Photo/Vijay Verma)

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്കെന്ന സൂചന ബലപ്പെട്ടതോടെ പ്രതിപക്ഷസഖ്യം മുള്‍മുനയിലായി. മലക്കംമറിച്ചിലുകളിലൂടെ രാഷ്ട്രീയ അതിജീവനം ഉറപ്പാക്കുന്നതില്‍ അഗ്രഗണ്യനാണ് നിതീഷ് കുമാര്‍. അക്കാര്യത്തില്‍ ഇന്ത്യയില്‍ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പരിചയസമ്പന്നനും നിതീഷാണ്. അതുകൊണ്ടുതന്നെ ‘ഇന്ത്യ’ മുന്നണി ശ്വാസമടക്കിയാണ് ജെഡിയു അധ്യക്ഷന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുന്നത്.

ബിജെപി ഇതരകക്ഷികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്നയാളെന്ന പ്രതിച്ഛായ ഞൊടിയിടയില്‍ സൃഷ്ടിക്കും നിതീഷ്. ‘സംഘമുക്ത ഭാരത്’, ‘മണ്ണില്‍ച്ചേര്‍ന്നാലും ബിജെപിയ്ക്കൊപ്പമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തന്നെ ഉദാഹരണം. എട്ടുതവണ ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ നാലുതവണയും മുന്നണിമാറ്റത്തിലൂടെയാണ് പദവി ഉറപ്പിച്ചത്.

Bihar chief minister Nitish Kumar with BJP leader LK Advani

2013 ജൂണില്‍ ആണ് ആദ്യത്തെ കളംമാറ്റം. എന്‍ഡിഎ സര്‍ക്കാരിനെ നയിച്ചിരുന്ന നിതീഷ് പെട്ടെന്ന് ബിജെപി ബന്ധം ഉപേക്ഷിച്ചു. നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് ഉറപ്പായപ്പോഴായിരുന്നു മനംമാറ്റം. എന്‍ഡിഎയ്ക്ക് കളങ്കമില്ലാത്ത, മതേതര പ്രതിച്ഛായയുള്ള നേതാവ് വേണം എന്നായിരുന്നു നിതീഷിന്റെ നിലപാട്. ഈ സമയത്താണ് അദ്ദേഹം സംഘമുക്ത ഭാരതത്തിനുവേണ്ടി ആഹ്വാനം ചെയ്തത്.

രണ്ടുവര്‍ഷത്തിനുശേഷം ബദ്ധവൈരിയായ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. മഹാസഖ്യം 243ല്‍ 178 സീറ്റും നേടി അധികാരത്തിലെത്തി. നിതീഷ് മുഖ്യമന്ത്രിയായി. ബിഹാറില്‍ മൂന്ന് ‘സി’കളെക്കുറിച്ച് പ്രസംഗിച്ചാണ് നിതീഷ് വോട്ടര്‍മാരെ കയ്യിലെടുത്തിരുന്നത്. ക്രൈം, കറപ്ഷന്‍, കമ്യൂണലിസം (കുറ്റകൃത്യങ്ങള്‍, അഴിമതി, വര്‍ഗീയത). 2017ല്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ഇതേ നിലപാട് പറഞ്ഞ് നിതീഷ് സഖ്യം വേര്‍പെടുത്തി.

Bihar chief minister Nitish Kumar receiving Prime Minister Narendra Modi at Patna airport

മഹാസഖ്യം തകര്‍ത്ത നിതീഷ് നേരെ മറുകണ്ടം ചാടി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. 2019ലെ പൊതുതിരഞ്ഞെടുപ്പ് വരെ എല്ലാം നന്നായി മുന്നോട്ടുപോയി. ലോക്സഭാതിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിച്ച 17 സീറ്റിലും ജയിച്ചു ജെഡിയു പതിനേഴില്‍ 16 സീറ്റും നേടി. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യം ഉലയാന്‍ തുടങ്ങി. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപി വിമുഖത കാട്ടുകയും തുല്യം സീറ്റുകളില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി.

Bihar CM Nitish Kumar after the JD (U) national council meeting in New Delhi

ഒടുവില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യത്തിന് ബിജെപി വഴങ്ങി. സീറ്റുകള്‍ തുല്യമായി പങ്കിടാന്‍ നിതീഷ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ എല്‍ജെപി നേതാവ് ചിരാഗ് പസ്വാനെ മുന്നില്‍ നിര്‍ത്തി ബിജെപി നടത്തിയ നീക്കം ജെഡിയുവിനെ വല്ലാതെ ചൊടിപ്പിച്ചു. ജെഡിയു മല്‍സരിച്ച എല്ലാ സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതോടെ ജെഡിയു എംഎല്‍എമാരുടെ എണ്ണം 71ല്‍ നിന്ന് 43 ആയി ചുരുങ്ങി.

Nitish Kumar swearing-in as Chief Minister of Bihar

2020ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടി എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നെങ്കിലും ബിജെപി തുല്യപങ്കാളിയായോ അതിന് മുകളിലേക്കോ എത്തിക്കഴിഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഏഴാംതവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2020 ഡിസംബറില്‍ സുശീല്‍കുമാര്‍ മോഡി ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് പോയപ്പോള്‍ നിതീഷ് ഒരിക്കല്‍ക്കൂടി രാജിവച്ചു. രണ്ട് ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി വീണ്ടും സര്‍ക്കാരുണ്ടാക്കി.

Bihar Chief Minister Nitish Kumar speaks during birth centenary celebrations of former state chief minister Karpoori Thakur, in Patna, Wednesday, Jan. 24, 2024. (PTI Photo)

സീറ്റെണ്ണത്തില്‍ ജെഡിയുവിനെ പിന്നിലാക്കിയ ശേഷം ബിജെപി ബിഹാറില്‍ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമം വിപുലമാക്കി. ജൂനിയര്‍ പങ്കാളിയായെത്തി തുല്യത കൈവരിച്ച്, ആധിപത്യം ഉറപ്പിച്ച്, സഖ്യകക്ഷിയെ ഇല്ലാതാക്കുന്ന ബിജെപിയുടെ പതിവുശൈലി തിരിച്ചറിഞ്ഞ നിതീഷ് ബിജെപിക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്താന്‍ തുടങ്ങി. ജനസംഖ്യാനിയന്ത്രണം വേണമെന്ന ബിജെപിയുടെ ആവശ്യത്തോടുള്ള എതിര്‍പ്പ്, ജാതി സെന്‍സസ് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ഒടുവില്‍ 2022 ഓഗസ്റ്റില്‍ നിതീഷ് എന്‍ഡിഎ വിട്ട് വീണ്ടും എതിര്‍പാളയത്തിലെത്തി. എട്ടാംതവണ മുഖ്യമന്ത്രിയായി.

Bihar Chief Minister Nitish Kumar with RJD leader Tejashwi Yadav and Tej Pratap Yadav

വീണ്ടുമൊരു ലോക്സഭാതിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ നിതീഷ് ഒരിക്കല്‍ക്കൂടി ചുവടുമാറ്റുമോ? ബിജെപിക്കെതിരെ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നിതീഷ്, മോദിക്കെതിരെ പ്രതിപക്ഷസഖ്യത്തിന്റെ മുഖമാകാനാണ് ആഗ്രഹിച്ചത്. അക്കാര്യത്തില്‍ ഉറപ്പില്ലാത്തതും കോണ്‍ഗ്രസിലുള്ള അവിശ്വാസവും ബിഹാറിലെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയും എല്ലാറ്റിനുമുപരി പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്ന സംശയവുമാണ് നിതീഷിനെ വീണ്ടുമൊരു കളംമാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. അടുത്തവര്‍ഷം ഒടുവില്‍ ബിഹാറില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിതീഷിന്റെ റോള്‍ എന്താകും? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ അല്‍പ്പായുസായതുകൊണ്ട് കണ്ടുതന്നെ അറിയാം.


History of Bihar CM Nitish Kumar's flip-flops on alliances with BJP and RJD