നദി കരകവിഞ്ഞു; ചെന്നൈയില്‍ നടുറോഡില്‍ മുതല; വിഡിയോ

മിഗ്ജോം ചുഴലിക്കാറ്റ് കരയോട് അടുക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് തമിഴ്നാട്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കരതൊടും എന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ മുന്‍പായുള്ള കനത്തമഴയിലും കാറ്റിലും ചെന്നൈ ദുരിതക്കയത്തിലായി. മഴക്കെടുതികളില്‍ ജനം വലയുന്നതിന് ഇടയില്‍ ചെന്നൈയിലെ റോഡില്‍ മുതല ഇറങ്ങിയതും ആശങ്ക പടര്‍ത്തുന്നു. 

ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞതോടെയാണ് മുതല റോഡിലേക്കിറങ്ങിയത്. ഇതേതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നാണ് നിര്‍ദേശം. ചെന്നൈയിലെ പെരുങ്ങലത്തൂര്‍ മേഖലയിലാണ് മുതലയെ കണ്ടെത്തിയത്. 

ചെന്നൈയിലെ പല ജലാശയങ്ങളിലും മുതലയുടെ സാന്നിധ്യം ഉണ്ടെന്ന് തമിഴ്നാട് ഫോറസ്റ്റ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നദി കരകവിഞ്ഞതോടെയാണ് ഈ മുതല ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത്. ഇവയെ പ്രകോപിപ്പിക്കാതെ ഇരുന്നാല്‍ മനുഷ്യര്‍ക്ക് ഭീഷണിയാവില്ലെന്നും തമിഴ്നാട് ഫോറസ്റ്റ് സെക്രട്ടറി പറയുന്നു.