മെഡിക്കല്‍ സര്‍വിസ് കമ്മിഷന്‍ ലോഗോയില്‍ വിവാദം

ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ ലോഗോ പരിഷ്കാരണത്തെ ചൊല്ലി വിവാദം. അശോകസ്തംഭത്തിന് ചുവടെ സത്യമേവ ജയതേയെന്നായിരുന്നു പഴയ ലോഗോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ലോഗോയില്‍ അശോകസ്തംഭത്തിന് പകരം ധന്വന്തരിയുടെ വര്‍ണ ചിത്രവും അതിന് മുകളിലായി ഭാരത് എന്നുമാണ് ചേര്‍ത്തിരിക്കുന്നത്. ഇതോടെയാണ് രാജ്യത്തെ മതേതര ആശയങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മതപരമായ ചിത്രം ലോഗോയില്‍ ഉള്‍പ്പെടുത്തുന്നത് അസംബന്ധമാണെന്നും ധന്വന്തരി ആയൂര്‍വേദ ചികില്‍സയെ പ്രതിനിധീകരിക്കുന്നതാണെന്നും സമൂഹത്തെ ധ്രുവീകരിക്കുന്നതാണ് നീക്കമെന്നും  വാദമുയര്‍ന്നിട്ടുണ്ട്. 

അതേസമയം, ധന്വന്തരിയുടെ ചിത്രം നേരത്തേയുള്ളതാണെന്നും വ്യക്തതയുള്ള ചിത്രമാക്കി മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ വിശദീകരണം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്ന 33 അംഗ റഗുലേറ്ററി ബോഡിയാണ് എന്‍എംസി. 2020 സെപ്റ്റംബര്‍ 25നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന പേര് നാഷണല്‍ മെഡിക്കല്‍ കമ്മിഷനെന്നാക്കിയത്. 2019 സെപ്റ്റംബറില്‍ മികച്ച ലോഗോയും ടാഗ്​ലൈനും ക്ഷണിച്ച് മെഡിക്കല്‍ സര്‍വീസ് കമ്മിഷന്‍ പരസ്യം ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്നും മികച്ച ആശയത്തിന് പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ലോഗോയ്ക്ക് പതിനായിരം രൂപയും ടാഗ്​ലൈന് അയ്യായിരം രൂപയുമാണ് സമ്മാനമായി നിശ്ചയിച്ചിരുന്നത്. 

രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്നതില്‍ നിന്നും ഭാരതെന്നാക്കണമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോഗോയും വിവാദത്തിലായിരിക്കുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി നടത്തിയ അത്താഴവിരുന്നിന്‍റെ ക്ഷണക്കത്തില്‍ 'പ്രസിഡന്‍റ്  ഓഫ് ഭാരതെ'ന്നും ഉച്ചകോടിയിലെ നെയിം ബോര്‍ഡുകള്‍ക്കൊപ്പവും 'ഭാരത്' എന്നാണ് ചേര്‍ത്തിരുന്നത്. 

National Medical Commission repalces ashok stambh with dhanvantari in new logo