സിനിമയുടെ പേരില്‍ 'ഭാരതം' വേണ്ട; ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്

ഭാരതം എന്ന വാക്കിന് സിനിമാപേരിൽ വിലക്ക് കൽപിച്ച് സംസ്ഥാന സെൻസർ ബോർഡ്. ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന സിനിമയ്ക്കാണ് സെൻസറിങ് അനുവദിക്കില്ലെന്ന് സംസ്ഥാന സെൻസർ ബോർഡ് നിലപാടെടുത്തത്. സിനിമയുടെ പേര് ഒരു സർക്കാർ ഉൽപ്പന്നം എന്ന് തിരുത്തിയ അണിയറപ്രവർത്തകർ ഭാരതം എന്ന വാക്ക് കറുപ്പ് കൊണ്ട് മറച്ച് പ്രതിഷേധിച്ചു.

സുബീഷ് സുധി നായകനായ ഒരു ഭാരത സർക്കാർ ഉൽപ്പന്നം അങ്ങനെയങ്ങ് റിലീസ് ചെയ്യേണ്ടെന്നാണ്  സംസ്ഥാന സെൻസർ ബോർഡിന്റെ നിലപാട്. സിനിമയുടെ പേരിൽനിന്ന് ഭാരതം എന്ന പേര് മാറ്റിയേ പറ്റു. ഇല്ലെങ്കിൽ സിനിമ വെളിച്ചം കാണില്ലെന്ന് പറഞ്ഞ സെൻസർ ബോർഡിനോട് മൂന്നുവട്ടം അപേക്ഷയുമായി സമീപിച്ചിട്ടും വഴങ്ങിയില്ല. ആർക്കോ വേണ്ടി വാളെടുത്ത സെൻസർ ബോർഡിന് വഴങ്ങി ഒടുവിൽ പേര് മാറ്റി . അപ്പോഴും എന്താണ് ഭാരതം എന്ന വാക്ക് ഉപയോഗിച്ചാലുള്ള കുഴപ്പം എന്ന് മാത്രം സെൻസർ ബോർഡ് വ്യക്തമാക്കുന്നുമില്ല.

ഒടുവിൽ ഒരു സർക്കാർ ഉൽപ്പന്നം എന്ന് തിരുത്തി സെൻസർ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറക്കാർ. തിയറ്റർ ഉടമകൾ പുതിയ മലയാളം സിനിമ റിലീസ് ചെയ്യില്ലെന്ന സമരം പ്രഖ്യാപിച്ചതോടെ മാർച്ച് ഒന്നിന് നിശ്ചയിച്ചിരുന്ന റിലീസ് എട്ടിലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്ച തിയറ്ററുകളിലെത്തേണ്ട ചിത്രത്തിന് ഇനിയും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന അഭ്യർഥനയെ അണിയറപ്രവർത്തകർക്കുള്ളു.

Censor board on oru bharatha sarkar ulpannam movie