പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ആറ് സംസ്ഥാനങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. 

ഡല്‍ഹി, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ്. ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിട്ടും വിവിധയിടങ്ങളില്‍ പിഎഫ്ഐ അനുകൂല സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎ നടത്തുന്ന റെയ്ഡിന്‍റെ തുടര്‍ച്ചയാണിത്. ഡല്‍ഹിയില്‍ മൂന്നിടങ്ങളിലാണ് പരിശോധന. മഹാരാഷ്ട്രയില്‍ മുംബൈ, താനെ, പുണെയടക്കം പ്രധാനപ്പെട്ട നഗരങ്ങളിലും ഉദ്യോഗസ്ഥരെത്തി. 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുൽ വാഹിദ് ഷെയ്ഖിന്‍റെ മുംബൈ വിക്രോളിയിലെ വീട്ടിലും പരിശോധന നടത്തി. തമിഴ്നാട് മധുര ഗാസിമാർ സ്ട്രീറ്റിലെ ഉസ്മാൻ ഖാലിസ് എന്നയാളുടെ വീട്ടിലാണ് പുലർച്ചെ മുതൽ പരിശോധന. ഹൈദരാബാദ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള മുഹമ്മദ് താജുദ്ദീൻ എന്നയാളുടെ സഹോദരനാണ് ഉസ്മാൻ. ഇയാൾ കഴിഞ്ഞദിവസം ഒരു യോഗത്തിൽ ഹമാസിന് അനുകൂലമായി സംസാരിച്ചിരുന്നു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ