രൺജിത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികളും കുറ്റക്കാർ

ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. കേരളത്തെ ആകെ ഞെട്ടിച്ച കൊലപാതക കേസിലെ ശിക്ഷ മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി തിങ്കളാഴ്ച്ച വിധിക്കും. കൃത്യമായി ഗൂഢാലോചന നടത്തി തയാറാക്കിയ ഹിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ അതിവേഗം നടപ്പിലാക്കിയ ക്രൂര കൊലപാതം എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. ഗൂഡാലോചനയുടെ തെളിവുകളും കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊലപാതകം, ഗൂഢാലോചന, ദൃക്സാക്ഷികളെ ആക്രമിക്കുക തുടങ്ങി പോലീസ് ചുമത്തിയ മുഴുവൻ വകുപ്പുകളും നിലനിൽക്കുമെന്നാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തൽ. പ്രതികൾക്ക് പരമാവധി ശിക്ഷലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു. ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ 2021 ഡിസംബർ 19 നാണ് കൊല്ലപ്പട്ടത്. കുറ്റക്യത്യത്തിൽ നേരിട്ട് പങ്കെടുത്ത 12  പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടത്. വയലാറിൽ ആര്‍എസ്എസ് പ്രവർത്തകനായ നന്ദു കൊല്ലപ്പെട്ടതിന് തുടർച്ചയായിട്ടാണ് കൊലപാതകങ്ങൾ. 

ഡിസംബർ 18 ന് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനും മണിക്കൂറുകൾക്കകം ആലപ്പുഴയിൽ രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെടുന്നത് ആര്‍എസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് തിരിച്ചടിയുണ്ടായാൽ കൊലപ്പെടുത്തേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് പോപ്പുലർ ഫ്രണ്ട് തയാറാക്കിയിരുന്നു. ഇതിൽ ഒന്നാമത്തെ പേരായിരുന്ന രൺജിത്തിന്റേത്. ശ്രീനിവാസന്റെ കൊലപാതകവും പോപ്പുലർ ഫ്രണ്ട് നിരോധിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഷാൻ വധക്കേസിൽ 11 ആർഎസ്എസ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന്  പരിഗണിക്കും.

2021 ഡിസംബർ 19 ന്  രാവിലെ രണ്‍ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലേദിവസം എസ്ഡിപിഐ  സംസ്ഥാന  സെക്രട്ടറിയായിരുന്ന കെ.എസ്.ഷാന്‍ മണ്ണഞ്ചേരിയില്‍ വച്ച്  കൊല്ലപ്പെട്ടിരുന്നു.  ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. രഞ്ജിത്തിന്‍റെ അമ്മ,  ഭാര്യ, മകള്‍ എന്നിവരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കി വിസ്തരിച്ചിരുന്നു.അഡ്വ. പ്രതാപ് ജി.പടിക്കൽ ആണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടിമുതലുകളുമാണ് കോടതിയിൽ തെളിവായി ഹാജരാക്കിയത്. നേരത്തെ കാക്കനാട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ പിന്നീട്  മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. വിചാരണ ആലപ്പുഴ ജില്ലയില്‍ നിന്ന് മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. 

Alappuzha Ranjith sreenivasan murder case verdict