2047ല്‍ ഇസ്‌ലാമിക ഭരണം ലക്ഷ്യമിട്ട് പോപ്പുലര്‍‌ ഫ്രണ്ട്: പ്രവീണ്‍ നെട്ടാരു കേസ് കുറ്റപത്രം

ഇന്ത്യയില്‍ 2047ല്‍ ഇസ്‍ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി എന്‍െഎഎ. ആയുധപരിശീലനത്തിനും കൊലപാതകത്തിനും രഹസ്യസംഘം രൂപീകരിച്ചിരുന്നു. പ്രത്യേക സമുദായത്തിലും സംഘടനകളിലുമുള്ള നേതാക്കളെ പിഎഫ്െഎയുടെ രഹസ്യസംഘം നിരീക്ഷിച്ചിരുന്നതായും എന്‍െഎഎ വെളിപ്പെടുത്തുന്നു. 

സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇസ്‍ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചിരുന്നതായി ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്‍റെ കൊലപാതകക്കേസില്‍ എന്‍െഎഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സമൂഹത്തില്‍ ഭീതിവിതയ്ക്കാനും അസ്വസ്ഥതയുണ്ടാക്കാനും സംഘടന ശ്രമിച്ചിരുന്നു. സര്‍വീസ് ടീം എന്നോ കില്ലര്‍ സംഘമെന്നോ വിളിക്കുന്ന രഹസ്യസംഘം പിഎഫ്െഎ രൂപീകരിച്ചിരുന്നു. പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ള നേതാക്കളെ നിരീക്ഷിക്കുകയായിരുന്നു രഹസ്യസംഘത്തിന്‍റെ ദൗത്യം. ഇവര്‍ക്ക് ആയുധപരിശീലനം ലഭിച്ചിരുന്നു. പിഎഫ്െഎയുടെ മുതിര്‍ന്നനേതാക്കളുടെ നിര്‍ദേശപ്രകാരം സര്‍വീസ് ടീം കൊലപാതകം നടത്തും. ജൂലൈ 26നാണ് പ്രവീണ്‍ നട്ടാരു കൊല്ലപ്പെട്ടത്. കൊലപ്പെടുത്താന്‍ പ്രവീണ്‍ അടക്കം നാലുപേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭീതിവിതയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 20 പ്രതികള്‍. ആറുപേര്‍ ഒളിവിലാണ്. പിഎഫ്െഎയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെപ്റ്റംബറില്‍ നിരോധിച്ചിരുന്നു.