'എന്നെ രക്ഷിക്കാനെത്തിയതിന് നന്ദി, പക്ഷേ..'; അബദ്ധം സമ്മതിച്ച് തരൂർ

ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ അവിസ്മരണീയ വിജയം നേടാൻ ഇന്ത്യയെ സഹായിച്ച വിരാട് കോലിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്നലെ ട്വീറ്റ് പങ്കുവച്ചിരുന്നു. ഇന്ത്യ-പാക് ഏറ്റുമുട്ടൽ കാണാൻ ഗോവയിൽ നിന്നുള്ള തന്റെ വിമാനം മനഃപൂർവം നഷ്ടപ്പെടുത്തിയെന്നും ഇന്നലെ തരൂർ പങ്കുവച്ചു. ഈ ട്വീറ്റില്‍ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടുകയാണ് പുതിയ ട്വീറ്റില്‍ തരൂര്‍. 

സംഭവിച്ചത്: ഗോവയിലെ കത്തോലിക്കാ സർവകലാശാലകളുടെ ഒരു കോൺഫറൻസിൽ അഭിസംബോധന ചെയ്ത ശേഷം ഞാൻ പോകാൻ നിശ്ചയിച്ചിരുന്ന വിമാനം കാൻസൽ ചെയ്തു. അത് ഇന്ത്യ പാക് മൽസരം പൂർണമായും നഷ്ടമാകും എന്ന കാരണത്താലായിരുന്നു. അടുത്ത ഫ്ലൈറ്റ് രാത്രി 9.55ന് മാത്രമാണെങ്കിലും ഈ ടൂർണമെന്റിലെ മികച്ച മൽസരങ്ങളിലൊന്ന് കാണാനുള്ള ആവേശമായിരുന്നു എനിക്ക്'.  തരൂർ ട്വീറ്റ് ചെയ്തത് ഇങ്ങനെ. 

വിരാട് കോലിയെ പ്രശംസിച്ചായിരുന്നു മറ്റൊരു ട്വീറ്റ്. ഈ മനുഷ്യൻ ഒരേസമയം ബുദ്ധിമാനും ആധികാരിക നായകനുമാണ്. തികച്ചും ഗംഭീരമാണ് കോലി എന്നായിരുന്നു ട്വീറ്റ്. ഇതിൽ ആധികാരികത എന്ന് അർഥം വരുന്ന Authentic എന്ന പദത്തിന് പകരം Authetic എന്നാണ് തരൂർ കുറിച്ചത്. ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന തരൂരിന് അക്ഷരത്തെറ്റ് വരുമെന്ന് ആർക്കും വിശ്വസിക്കാനായില്ല. 

പലരും Authetic എന്ന വാക്കിന്റെ അർഥം തിരഞ്ഞു. ചിലർ അക്ഷരത്തെറ്റാണ് എന്ന് തന്നെ പറഞ്ഞു. ഒരാൾ അങ്ങ‌നെയും ഒരു വാക്ക് ഉണ്ടെന്നും സന്ദർഭത്തിന് യോജിച്ചതാണെന്നും വ്യക്തമാക്കി. എന്നാൽ‌ തരൂർ തന്നെ സംഭവിച്ചത് അക്ഷരത്തെറ്റാണ് എന്ന് സമ്മതിച്ച് രംഗത്തെത്തി. 'തന്നെ രക്ഷിക്കാനെത്തിയതിന് നന്ദി, പക്ഷേ അത് അക്ഷരത്തെറ്റ് തന്നെയാണ്'. തരൂർ കുറിച്ചു.