ജലന്ധറിലെ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യ; എന്‍െഎടി ഡയറക്ടർക്കെതിരെ എഫ്െഎആര്‍

ജലന്ധറില്‍ മലയാളി വിദ്യാര്‍ഥി ആഗിന്‍ എസ് ദിലീപ് ആത്മഹത്യ ചെയ്ത കേസില്‍ കോഴിക്കോട് എന്‍െഎടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണയ്ക്കെതിരെ പഞ്ചാബ് പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ പ്രസാദ് കൃഷ്ണയ്ക്കെതിരെ പരമാര്‍ശമുള്ള സാഹചര്യത്തിലാണിത്. പ്രസാദ് കൃഷ്ണയെ ഡയറക്ടര്‍ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെ, തീരുമാനമെടുക്കാന്‍ വൈകിട്ട് ഡീന്‍ മാരുടെ യോഗം ചേരും. 

ഫഗ്‍വാരയിലെ ലവ്‍ലി പ്രഫഷനല്‍ യൂണിേവഴ്സിറ്റിയില്‍ ബാച്‍ലര്‍ ഒാഫ് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ആഗിനെ ചൊവ്വാഴ്ച വൈകിട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിലാണ് കോഴിക്കോട് എന്‍െഎടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണയുടെ പേര് പരാ‍മര്‍‌ശിക്കുന്നത്. എന്‍.െഎ.ടിയില്‍  വിദ്യാര്‍ഥിയായിരുന്ന ആഗിന്‍ പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് എല്‍പിയുവില്‍ ചേര്‍ന്നത്. കോഴ്സ് നാലാം വര്‍ഷത്തിലെത്തിയിട്ടും ഒന്നാം വര്‍ഷത്തിലെ വിഷയങ്ങളില്‍ ആഗിന് ജയിക്കാനായിട്ടില്ലന്നും ചട്ടപ്രകാരം വിദ്യാര്‍ഥിക്ക് കോഴ്സില്‍ തുടരാനുള്ള അര്‍ഹത ഇല്ലാതെ വന്നതോടെയാണ് പഠനം നിര്‍ത്തിയതെന്നുമാണ് എന്‍.െഎ.ടിയുടെ  വിശദീകരണം. എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ എന്‍.െഎ.ടി ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ പ്രസാദ് കൃഷ്ണയ്ക്ക് അര്‍ഹതയില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. 

ഇന്നലെ രാത്രി ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം പുലര്‍ച്ചെവരെ തുടര്‍ന്നു. വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന് ഡീന്‍മാരുടെ ഉറപ്പ് കിട്ടിയശേഷമാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്. ഉപരോധം അവസാനിച്ചശേഷമാണ് ഡയറക്ടര്‍ക്കും എന്‍.െഎ.ടിയില്‍ നിന്ന് പുറത്തിറങ്ങാനായത്.