'മദ്യപിച്ച് ലക്കുകെട്ട് പഞ്ചാബ് മുഖ്യമന്ത്രി; വിമാനം വൈകി; മാനിനെ ഇറക്കിവിട്ടു'; വിവാദം

ഫ്രാങ്ക്ഫർട്ടിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽനിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഇറക്കിവിട്ട നടപടിയിൽ രാഷ്ട്രീയ വിവാദം. അമിതമായി മദ്യപിച്ച നിലയിലായിരുന്നു മാൻ എന്നും അതിനാലാണ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടതെന്നുമാണ് റിപ്പോർട്ട്. മാൻ പഞ്ചാബികൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു.

അനാരോഗ്യം കാരണമാണ് ഡൽഹിയിലേക്കുള്ള മാനിന്റെ യാത്ര വൈകിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷം ‘സംഘടിതമായ പ്രചാരണം’ നടത്തുകയാണെന്ന് എഎപി (ആംആദ്മി പാർട്ടി) പ്രതികരിച്ചു. പറഞ്ഞതിലും താമസിച്ച് വിമാനം യാത്ര തുടങ്ങാൻ കാരണം ‘എത്തിയ വിമാനം വൈകിയതും വിമാനം മാറ്റേണ്ടിവന്നതും’ ആണെന്ന ലുഫ്താൻസയുടെ പ്രസ്താവന എഎപി പങ്കുവയ്ക്കുകയും ചെയ്തു.

മാൻ മദ്യപിച്ചിരുന്നുവെന്നും ഇതുകാരണമാണ് വിമാനം നാലു മണിക്കൂർ വൈകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ‘‘നടക്കാൻപോലും കഴിയാത്ത തരത്തിൽ ഭഗവന്ത് മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് സഹയാത്രികർ പറയുന്നു. അതാണ് നാലു മണിക്കൂർ വിമാനം വൈകാൻ കാരണം. എഎപിയുടെ ദേശീയ കൺവെൻഷനിൽ മാനിന് പങ്കെടുക്കാൻ പറ്റിയില്ല. പുറത്തുവന്ന റിപ്പോർട്ടുകൾ ലോകത്താകമാനം പഞ്ചാബികളെ നാണംകെടുത്തുന്നതാണ്’’ – അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ ട്വീറ്റ് ചെയ്തു.

‘‘മുഖ്യമന്ത്രി ഉൾപ്പെട്ടതിനാൽ പഞ്ചാബ് സർക്കാർ ഈ സംഭവത്തിൽ മൗനം പാലിക്കുകയാണ്. വിഷയത്തിൽ അരവിന്ദ് കേജ്‍രിവാൾ സത്യം പുറത്തുവിടണം. പഞ്ചാബികളെയും രാജ്യത്തിന്റെ അഭിമാനത്തെയും ബാധിക്കുന്നതിനാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. അദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിയെങ്കിൽ വിഷയം ജർമൻ സർക്കാരിനോട് ഇന്ത്യ ഉന്നയിക്കണം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിൽനിന്നുള്ള യാത്രക്കാരനെ ഉദ്ധരിച്ചാണ് കോൺഗ്രസും ട്വീറ്റ് ചെയ്തിരിക്കുന്നത്. മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നു. വലിയ നാണക്കേടാണുണ്ടായിരിക്കുന്നത് എന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ‘‘അമിത മദ്യപാനം മൂലം തനിയെ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു മാൻ. ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് താങ്ങിപ്പിടിച്ചാണ് മാനിനെ കൊണ്ടുപോയത്.’’ – കോൺഗ്രസ് പങ്കുവച്ച ട്വീറ്റിനൊപ്പം ഉൾക്കൊള്ളിച്ച വാർത്തയുടെ സ്ക്രീൻഷോട്ടിൽ പറയുന്നു.

‘‘മുൻ തീരുമാനിച്ചതുപോലെ സെപ്റ്റംബർ 19ന് തന്നെ അദ്ദേഹം തിരിച്ചെത്തി. സമൂഹമാധ്യമത്തിലേത് പ്രചാരണം മാത്രമാണ്. വിദേശയാത്രയിലൂടെ കുറച്ച് നിക്ഷേപം സംസ്ഥാനത്തേക്ക് ഒഴുകും. ഇതിൽ വിറളിപൂണ്ടാണ് പ്രതിപക്ഷം മാനിനെ വിമർശിക്കുന്നത്. നിങ്ങൾക്ക് ലുഫ്താൻസ എയർലൈൻസുമായി ഇക്കാര്യം പരിശോധിക്കാം.’’ – എഎപി വക്താവ് മൽവീന്ദർ സിങ് കാങ് പറഞ്ഞു. വിദേശ നിക്ഷേപം ആകർഷിക്കാൻ സെപ്റ്റംബർ 11 മുതൽ 18 വരെ ജർമനി സന്ദർശിക്കുകയായിരുന്നു മാൻ.