അഴിമതി ആരോപണം; തമിഴ്നാട്ടിലെ മുന്‍മന്ത്രിമാരുടെ വീടുകളില്‍ റെയ്‍ഡ്

തമിഴ്നാട്ടിലെ മുൻ മന്ത്രിമാരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. അണ്ണാ ഡി.എം.കെ. സർക്കാരിന്റെ കാലത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചതിലും സ്വകാര്യ മെഡിക്കൽ കോളേജിനു അനുമതി നൽകിയതിലും അഴിമതി നടന്നുവെന്ന പരാതിയിലാണ് റെയ്ഡ്. നേതൃത്വ തർക്കത്തിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിക്കൊപ്പം നിൽക്കുന്ന എസ്.പി.വേലുമണി, സി.വിജയകുമാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് പരിശോധന.   

ഡിഎംകെ. എം. എൽ.എമാർ പാർട്ടി വിടാൻ തയ്യാറാകുന്നു എന്ന പരാമർശത്തെ  ചൊല്ലി മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സാമിയും പരസ്പരം ഏറ്റുമുട്ടിയതിനു പിറകെ ആണ് മുൻ സർക്കാരിന്റെ കാലത്തെ അഴിമതി കേസുകൾ വിജിലൻസ് വീണ്ടും തുറന്നത്.2015മുതൽ 2018വരെ  തമിഴ്നാട് ഗ്രാമങ്ങളിലെ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിച്ചതിൽ 500കോടി രൂപയുടെ അഴിമതി നടന്നു എന്ന പരാതിയിലാണ് അണ്ണാ ഡിഎംകെ യിലെ മൂന്നാമനായി കണക്കാക്കുന്ന മുൻ ഗ്രാമ വികസന , മുനിസിപ്പൽ  മന്ത്രി എസ്. പി. വേലുമണിയുടെ വീടുകളിലും ബെനാമി  ആരോപിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന  നടക്കുന്നത്. 2015ൽ തുടങ്ങിയ  പദ്ധതിയിൽ പുതിയ വിളക്കുകൾ സ്ഥാപിക്കാനായി വേലുമണി 10 ബെനാമി സ്ഥാപനങ്ങൾ തുടങ്ങി എന്നാണ് ആരോപണം. വിപണി വിലയെക്കാൾ ഉയർന്ന നിരക്കിൽ ആണ് വിളക്കുകൾ വാങ്ങിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.കോയമ്പത്തൂർ, തിരിച്ചിറപ്പള്ളി, താമ്പരം, ആവടി, ചെങ്കൽപേട്ട് തുടങ്ങി 25 സ്ഥലങ്ങളിലാണ് റെയ്ഡ് .

തിരുവെള്ളൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിക്ക്‌ മെഡിക്കൽ കോളജ് അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ്  മുൻ ആരോഗ്യ മന്ത്രി സി.വിജയഭാസ്കറിന്റെ വീട്ടിൽ പരിശോധന നടക്കുന്നത്. ചെന്നൈയിലെ വിജയഭാസ്കറിന്റെ വീടുകളിലും  സേലം, മധുര,തേനി, പുതുകോട്ട, തിരുവെള്ളൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ആണ് പരിശോധന. മെഡിക്കൽ കൗൺസിൽ നിർദേശിച്ച പ്രകാരമുള്ള  സൗകര്യങ്ങൾ  ഇല്ലാത്ത ആശുപത്രിക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ എൻ ഒ സി കൊടുത്തുവെനാണ് ആരോപണം. തമിഴ് നാട് സ്പീക്കർ എം. അപ്പാവു 2019ലും 2020ലുമായി നൽകിയ രണ്ടു പരാതികളിൽ ആണ് ഇപ്പോഴത്തെ റെയ്‌ഡുകൾ എന്നതും ശ്രദ്ധേയമാണ്. വിജിലൻസ് നടപടി രാഷ്ട്രീയ പ്രേരിതമാണന്ന് ആരോപിച്ചു അണ്ണാ ഡിഎംകെ പ്രവർത്തകർ റെയ്ഡ് നടക്കുന്ന പ്രദേശങ്ങളിൽ പ്രതിഷേധിച്ചു