അണ്ണാ ഡിഎംകെയില്‍ ഇനി എടപ്പാടി യുഗം; ഒപിഎസ് പുറത്ത്

മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി. ചെന്നൈ വാനഗരത്തുചേര്‍ന്ന് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് എടപ്പാടിയെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എഐഎഡിഎംകെ കോഓര്‍‍ഡിനേറ്ററും എടപ്പാടി പക്ഷത്തിന്റെ മുഖ്യ എതിരാളിയുമായ ഒ.പനീര്‍സെല്‍വത്തെയും അനുയായികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രാവിലെ ജനറല്‍ കൗണ്‍സില്‍ ചേരുംമുന്‍ുപ് എടപ്പാടി, ഒപിഎസ് അനുകൂലികള്‍ തെരുവില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. 

അമ്മയുടെ വിശ്വസ്തന്‍ എ‌ടപ്പാടി

ജയലളിതയ്ക്ക് ധനസമാഹരണ മാർഗങ്ങൾ ഓതിക്കൊടുത്തു പാർട്ടിയിൽ ശക്തനായ  ഇടപ്പാടി പളനിസാമി എന്ന കർഷകപുത്രന്റെ കൈകളിലേക്ക് ഒടുവിൽ പാർട്ടിയും രണ്ടിലയും എത്തി. അമ്മയുടെ മരണത്തിന് പിന്നാലെ പാർട്ടി ആടിയുലഞ്ഞപ്പോൾ എടപ്പാടി തന്നെയാണ് ഇരട്ട നേതൃത്വം എന്ന ആശയം ഉയര്‍ത്തി രക്ഷകനായത്. അന്ന്  ഒ.പനീർസൽവത്തോടൊപ്പം പാര്‍ട്ടിയിലും സർക്കാരിലും അധികാരവും പങ്കിട്ടു. ജയിലിൽ പോയ ജയലളിതയുടെ തോഴി വി. കെ. ശശികലയെ പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു ലക്ഷ്യം. ശശികല പാർട്ടിയിൽ നിന്ന്‌ പുറത്തായ സാഹചര്യത്തിലാണ് ഏക നേതൃത്വവാദമുയർത്തി എടപ്പാടി ഒ.പി.എസിനെ വെട്ടി നിരത്തിയത്. ജൂണ്‍ 23നു ചേര്‍ന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ് തടസമായി. ഈ ഉത്തരവ് സുപ്രീംകോടതി തടഞ്ഞതിനുപിന്നാലെ ഇന്നത്തെ ജനറൽ കൗൺസിൽ യോഗത്തിനെതിരായ പനീർസെൽവം വിഭാഗത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വൈകാതെ എടപ്പാടി വാനഗരത്തെ യോഗവേദിയിലേക്ക് എത്തി. ജനറൽ കൗൺസിൽ തീരുമാനങ്ങൾക്ക്  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി.

മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഒ.പി.എസ്  ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കും. ജയലളിതയുടെ തോഴി വി. കെ. ശശികലയെ കൂട്ട് പിടിച്ചു തേവർ സമുദായത്തെ ഒന്നടങ്കം അണിനിരത്തിയുള്ള നീക്കങ്ങൾക്കും ഒ. പി. എസ്. പക്ഷം തയ്യാറെടുക്കുന്നുണ്ട്.